ജർമൻ ഫുട്ബോൾ കോച്ച് ലോയുടെ കരാർ നീട്ടി
Tuesday, November 1, 2016 10:08 AM IST
ബർലിൻ: ജർമൻ ഫുട്ബോൾ ടീം കോച്ച് ജോവാഹിം ലോയുടെ കരാർ നീട്ടിയതായി ജർമൻ ഫുട്ബോൾ ഫെഡറേഷൻ (ഡിഎഫ്ബി) അറിയിച്ചു. അടുത്ത വേൾഡ് കപ്പ് ഫുട്ബോൾ നടക്കുന്ന 2018 ൽ അവസാനിക്കേണ്ടിയിരുന്ന കരാർ 2020 വരെ നീട്ടിയതായി ഡിഎഫ്ബി പ്രസിഡന്റ് റൈൻഹാർഡ് ഗ്രിൻഡൽ അറിയിച്ചു.ലോവിന്റെ കരാർ നീട്ടി നൽകില്ലെന്ന ഊഹാപോഹങ്ങൾ ഉയർന്നതിന്റെ അടിസ്‌ഥാനത്തിലാണ് ഡിഎഫ്ബിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം.

2004 ൽ ജർമൻ ദേശീയ ഫുട്ബോൾ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന ലോ 2006 ലാണ് കോച്ചായി ചുമതലയേൽക്കുന്നത്. (യൂർഗൻ ക്ളിൻസ്മാൻ ആയിരുന്നു കോച്ച് സ്‌ഥാനത്തുണ്ടായിരുന്നത്). അന്നു മുതൽ ജർമൻ ടീമിനെ ലോകത്തിലെ മികച്ച ടീമായി വാർത്തെടുക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമം 2014 ലെ ബ്രസീൽ വേൾഡ് കപ്പിലൂടെ ലോക ചാമ്പ്യൻപട്ടം നേടി. ലോവിനെ 2014 ലെ ഏറ്റവും മികച്ച കോച്ചായി ഫിഫ തെരഞ്ഞെടുത്തിരുന്നു. ഇത്തവണത്തെ യൂറോകപ്പിൽ കപ്പ് മോഹിച്ചു പൊരുതിയെങ്കിലും മൂന്നാം സ്‌ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു ജർമൻ ടീമിന്.

2006 ൽ കോച്ചായതു മുതൽ ഇതുവരെയായി 141 രാജ്യാന്തര മൽസരങ്ങളിൽ 94 എണ്ണത്തിൽ വിജയവും 24 സമനിലയും 23 തോൽവിയും ജർമൻ ടീമിന് ഉണ്ടായിട്ടുണ്ട്. 1986 ൽ ലോ വിവാഹിതനായെങ്കിലും ലോ ദാനിയേല ദമ്പതികൾക്ക് കുട്ടികളില്ല.

ഒട്ടനവധി ക്ലബുകളും നിരവധി കളിക്കാരുമുള്ള ജർമനി ഇനിയും പുതുമഖങ്ങളെ തേടിയുള്ള യാത്ര തുടരുമെന്ന് അടുത്തിടെ ജേവാഹിം ലോവ് പറഞ്ഞിരുന്നു. ജർമൻ ഫുട്ബോൾ ഫെഡറേഷൻ (ഡിഎഫ്ബി) ഇതിനായി ലോവിനു പൂർണ പിന്തുണ നൽകുകയും ചെയ്യുന്ന സാഹചര്യത്തിൽ ജർമനിയിൽ ലോവിന്റെ ശിക്ഷണത്തിൽ പുത്തൻ താരോദയം ഉണ്ടാവുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ കണക്കുകൂട്ടൽ.

ലെവൻഡോവ്സ്കിയുടെ കരാർ നീട്ടി

ബയേൺ മ്യൂണിക്കും പോളിഷ് ഫുട്ബോൾ സൂപ്പർ സ്റ്റാർ റോബർട്ട് ലെവൻഡോവ്സ്കിയും തമ്മിലുള്ള കരാർ 2021 വരെ നീട്ടി. പ്രതിവർഷം പതിനഞ്ച് മില്യൻ യൂറോയാണ് പുതിയ കരാർ പ്രകാരമുള്ള പ്രതിഫലം.

2014 ലാണ് ബോറൂസിയ ഡോർട്ട്മുണ്ടിൽനിന്ന് ലെവൻഡോവ്സ്കി ബയേണിലെത്തുന്നത്. 2015 ലും 2016 ലും ടീമിനൊപ്പം ലീഗ് കിരീടം നേടി.

നാലു വർഷം ബൊറൂസിയയ്ക്കു വേണ്ടി കളിച്ച ഇരുപത്തിയഞ്ചുകാരൻ 130 മത്സരങ്ങളിൽ 72 ലീഗ് ഗോളുകൾ നേടി. ഈ സീസണിൽ 26 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

ബയേൺ മ്യൂണിക്ക് സ്ട്രൈക്കറായ റോബർട്ട് ലെവൻഡോവ്സ്കി പുതിയൊരു ചരിത്രവും കുറിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ജർമൻ ബുണ്ടസ്ലിഗയിൽ ഒൻപതു മിനിറ്റിനിടെ അഞ്ചു ഗോളുകൾ നേടിയാണ് ലെവൻഡോവ്സ്കി വീരനായകനായത്. മ്യൂണിക്കിലെ അല്ലിയാൻസ് അറീനയിൽ ബയേൺ മ്യൂണിക്കും വോൾഫ്സ്ബുർഗും തമ്മിലുള്ള മൽസരത്തിലായിരുന്നു ലെവൻഡോവ്സ്കിയുടെ ചരിത്രം കുറിച്ച ബുണ്ടസ്ലിഗയിലെ പ്രകടനം.

ജെറോം ബോട്ടെങ്, തോമസ് മുള്ളർ, യോർഡി ആൽബ, മാറ്റ്സ് ഹമ്മൽസ്, മാന്വൽ ന്യൂയർ, റെനറ്റോ സാഞ്ചസ്, മാർട്ടിനസ് എന്നിവരുടെ കരാർ നേരത്തെ തന്നെ ദീർഘിപ്പിച്ചിരുന്നു.

ബെയ്ലും റയലുമായുള്ള കരാർ നീട്ടി

മാഡ്രിഡ്: വെൽഷ് സൂപ്പർ സ്റ്റാർ ഗാരത് ബെയ്ലും സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ റയൽ മാഡ്രിഡും തമ്മിലുള്ള കരാർ 2022 വരെ നീട്ടി. ആറു വർഷത്തേയ്ക്കാണ് കരാർ നീട്ടിയത്.

ടോട്ടനം ഹോട്ട്സ്പറിൽനിന്ന് 2013ലാണ് ബെയ്ൽ റയലിലെത്തിയത്. 85 മില്യൻ പൗണ്ടായിരുന്നു അന്നത്തെ കൈമാറ്റ കരാർ. എന്നാൽ ഇത്തവണ 108 മില്യൻ പൗണ്ടായി അതു ഉയർന്നു. കഴിഞ്ഞ മൂന്നു സീസണുകളിലായി റയലിന്റെ അഞ്ച് കിരീട നേട്ടങ്ങളിൽ ബെയ്ൽ പങ്കാളിയായി. ഇതിൽ രണ്ടു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടുന്നു.

ക്ലബ്ബിനായി 165 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ ബെയ്ൽ 62 ഗോളും നേടി. പുതിയ കരാർ പ്രകാരം പ്രതിവാരം ആറു ലക്ഷം പൗണ്ട് ആയിരിക്കും ബെയ്ലിനുള്ള പ്രതിഫലം. നികുതി കഴിഞ്ഞ് മൂന്നര ലക്ഷമാണ് കൈയിൽ കിട്ടുക.

മിഡ്ഫീൽഡർമാരായ ലൂക്ക മോഡ്രിച്ചും ടോണി ക്രൂസും ക്ലബ്ബുമായി കരാർ പുതുക്കിക്കഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ