അൾത്താരയിൽ നിന്നൊഴുകുന്ന സ്വർഗീയ മാധുരി – ഫാ. ജോർജ് തങ്കച്ചൻ
Wednesday, November 2, 2016 8:57 AM IST
ഡബ്ലിൻ: ദിവ്യബലിയിൽ അൾത്താരയിൽ നിന്നൊഴുകുന്ന സ്വർഗീയ മാധുരി, ഒരു പക്ഷേ അയർലൻഡിലെയും ഇംഗ്ലണ്ടിലെയും മലയാളികൾ ഒരിക്കലും മറക്കാനിടയില്ല. പാടുന്നവൻ ഇരട്ടിയായി പ്രാർഥിക്കുന്നു എന്ന വചനം ഹൃദയത്തിൽ സ്വായത്തമാക്കിയ ഫാ. ജോർജ് തങ്കച്ചന്റേതാണ് ആ സ്വരമാധുരി.

വിദ്യാഭ്യാസ കാലത്ത് ആലപ്പുഴ വഴിച്ചേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകനും ഗായകസംഘാംഗവുമായിരുന്ന ജോർജിന് സംഗീതത്തോട് അതിയായ കമ്പമായിരുന്നു. ആരാധന സംഗീതത്തോടുള്ള പ്രണയം അതിരുകടന്നപ്പോൾ കോട്ടയം പഴയ സെമിനാരിയിലെ ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിൽ വിദ്യാർഥിയായി. അമ്പിളിക്കുട്ടൻ (ഗായകൻ), റവ. ഡോ. എം.പി. ജോർജ്, റ്റി. ജോർജ് കുട്ടി എന്നിവരുടെ ശിഷ്യണത്തിൽ കർണാടക സംഗീതം, ലളി തഗാനം, ആരാധന സംഗീതം എന്നിവ ഹൃദ്യസ്‌ഥമാക്കി. നിരണം ഭദ്രാസനാധിപനായിരുന്ന ഗീവർഗീസ് മാർ ഒസ്താത്തിയോസിന്റെ ധന്യ ജീവിതത്തിൽ ആകൃഷ്‌ടനായി, 1994 ൽ സെമിനാരിയിൽ ചേർന്നു. 2000 ൽ വൈദികനായി. നാഗർകോവിൽ, വേളിമല, തുമ്പോട്, തിരുമംഗലം, തെന്മല, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ സേവന മനുഷ്‌ടിച്ചു. ആലപ്പുഴ വൈഎംസിഎ സെക്രട്ടറിയായും വികലാംഗ കുട്ടികൾക്കായുള്ള തിരുവനന്തപുരത്തെ ഹോളി ട്രിനിറ്റി പുവർ ഹോം സെക്രട്ടറിയായും സേവനമനുഷ്‌ടിച്ചിട്ടുണ്ട്. തിരുവനന്തപുരം വൈഎംസിഎ ഗായകസംഘത്തിന്റെ സ്‌ഥാപകനായ ഫാ. ജോർജ് കോഓർഡിനേറ്ററായും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.

2006 ൽ ഓർത്തഡോക്സ് സഭയുടെ ആഫ്രിക്ക, യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള അയർലൻഡിലെ ദ്രോഗഡയിലെ സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ ദേവാലയത്തിൽ വൈദികനായെത്തി. ഇപ്പോൾ ബെൽഫാസ്റ്റിലും ഗ്ലാസ്ഗോയിലും സെന്റ് ഗ്രിഗോറിയോസ് ദേവാലയങ്ങളുടെ വികാരിയായി സേവനമനുഷ്ഠിച്ചുവരുന്നു. സംഗീതത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ഫാ. ജോർജ് സോൾ ബീറ്റ്സ് എന്ന ഒരു ഗായക സംഘം തന്നെ രൂപീകരിച്ചു. ഭക്‌തി ഗാനങ്ങളും സിനിമാ ഗാനങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന സോൾ ബീറ്റ്സ് ഇന്ന് ഇംഗ്ലണ്ടിലും അയർലൻഡിലുമായി 400 ഓളം വേദികളിൽ കീഴടക്കി മൂന്നോട്ടുപോകുന്നു. ചാനലുകളിലും നിരവധി കാസറ്റുകളിലും പാടിയിട്ടുള്ള ഫാ. ജോർജ് അടുത്തകാലത്ത് പാടിയ ‘സ്നേഹ സ്വരൂപാ തവദർശനം’ എന്ന വീഡിയോ ഫെയ്സ്ബുക്കിൽ വൈറൽ ആയിരുന്നു.

മാന്നാർ, ചെന്നിത്തല പെരുമ്പ്രാൽ പരേതനായ പി.വി. തങ്കച്ചന്റേയും മറിയാമ്മയുടെയും മകനായ ഫാ. ജോർജ്, അറിയപ്പെടുന്ന പ്രഭാഷകനും എഴുത്തുകാരനും കൂടിയാണ്. അയർലൻഡിൽ നഴ്സായ സിസി തോമസ് ആണ് ഭാര്യ. മക്കൾ: ഗ്രഗി, സെറിൻ, നാഥാൻ.