ജർമനി യൂട്യൂബ് വിലക്ക് നീക്കി
Wednesday, November 2, 2016 10:08 AM IST
ബർലിൻ: ജർമനിയിലെ യൂട്യൂബ് പ്രേക്ഷകർക്ക് ജെമ നിരോധിച്ച വീഡിയോകൾ ഇനി കാണാം. വർഷങ്ങളായി മ്യൂസിക് വീഡിയോകളടക്കം ജർമനിയിൽ പെർഫോമിംഗ് റൈറ്റ്സ് ഓർഗനൈസേഷൻ (ജെമ) നിരോധിച്ചിരിക്കുകയായിരുന്നു.

യൂട്യൂബും ജെമയും തമ്മിൽ പകർപ്പവകാശം സംബന്ധിച്ച തർക്കം നിലനിന്നതാണ് വീഡിയോകൾ നിരോധിക്കപ്പെടാൻ കാരണം. എഴുപതിനായിരത്തോളം കലാകാരൻമാരുടെ പകർപ്പവകാശത്തിനായാണ് ജെമ നിലകൊണ്ടത്.

മ്യൂസിക് വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യുന്നതിന് യൂട്യൂബ് പകർപ്പവകാശ ഫീസ് നൽകണമെന്നാണ് ജെമ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇതിൽ പോസ്റ്റ് ചെയ്യുന്ന എല്ലാ ക്ലിപ്പുകൾക്കും ഉത്തരവാദിത്വം തങ്ങൾക്കല്ലെന്നാണ് യൂട്യൂബ് വാദിച്ചത്.

ഇനി ജെമ വഴിയല്ലാത്ത പകർപ്പവകാശങ്ങൾ മാത്രമായിരിക്കും തർക്ക വിഷയമായി തുടരുക. ജെമ വഴിയുള്ളവയുടെ കാര്യത്തിൽ നിരോധനം തുടരില്ല. അല്ലാത്തവയിൽ അതത് കലാകാരൻമാരുമായി യൂട്യൂബ് നേരിട്ട് ധാരണയിലെത്തണം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ