ശ്രീനിവാസപ്രസാദ് ബിജെപി പാളയത്തിലേക്ക്?
Friday, November 4, 2016 8:26 AM IST
മൈസൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുണ്ട ായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് എംഎൽഎ സ്‌ഥാനം രാജിവച്ച മുൻ മന്ത്രി വി. ശ്രീനിവാസ പ്രസാദ് ബിജെപി പാളയത്തിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകൾ. കോൺഗ്രസ് വിട്ടതിനു പിന്നാലെ ശ്രീനിവാസ പ്രസാദ് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി എന്നിവരുമായി ചർച്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങൾ ശക്‌തമായത്. എന്നാൽ, ഇതു സംബന്ധിച്ച് അദ്ദേഹം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ദീപാവലിക്കു ശേഷം അദ്ദേഹം നിലപാട് വ്യക്‌തമാക്കുമെന്നാണ് സൂചന ലഭിച്ചിരുന്നത്.

ശ്രീനിവാസ പ്രസാദിന്റെ രാജിയെത്തുടർന്ന് നഞ്ചൻഗുഡ് ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സാഹചര്യത്തിൽ മണ്ഡലത്തിൽ ശക്‌തമായ സ്വാധീനമുള്ള ദളിത് നേതാവായ ശ്രീനിവാസ പ്രസാദിനായി ബിജെപിയും ജെഡി–എസും വലവിരിച്ചുകഴിഞ്ഞു. നഞ്ചൻഗുഡിൽ ശ്രീനിവാസ പ്രസാദ് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് സൂചന. അതേസമയം, തെരഞ്ഞെടുപ്പ് അഭിമാനപോരാട്ടമായ സ്‌ഥിതിക്ക് തങ്ങളുടെ പരമ്പരാഗത മണ്ഡലമായ നഞ്ചൻഗുഡ് നിലനിർത്താനായി കോൺഗ്രസും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട ്.

സിദ്ധരാമയ്യയുടെ അടുത്ത അനുയായിയായിരുന്ന ശ്രീനിവാസ പ്രസാദിനെ അടുത്തിടെ നടന്ന മന്ത്രിസഭാ പുനസംഘടനയിൽ മന്ത്രിസ്‌ഥാനത്തുനിന്ന് ഒഴിവാക്കിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതേത്തുടർന്ന് സിദ്ധരാമയ്യയ്ക്കെതിരേ കടുത്ത വിമർശനവുമായി ശ്രീനിവാസ പ്രസാദ് രംഗത്തുവരികയും ചെയ്തു. പ്രതിഷേധനടപടികളുടെ തുടർച്ചയെന്നോണമാണ് അദ്ദേഹം എംഎൽഎ സ്‌ഥാനം രാജിവച്ചത്. സിദ്ധരാമയ്യയ്ക്ക് കടുത്ത മറുപടി നല്കുന്നതിനായി ഏതു വിധേനയും നഞ്ചൻഗുഡിൽ ജയിക്കാൻ കച്ചകെട്ടിയാണ് ശ്രീനിവാസപ്രസാദ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.