ഷ്രൂഷ്ബറി രൂപത ബൈബിൾ കലോത്സവം: മാഞ്ചസ്റ്ററിന് കിരീടം
Monday, November 14, 2016 6:34 AM IST
ബെർക്കിൻഹെഡ്: ഷ്രൂഷ്ബറി രൂപത ബൈബിൾ കലോത്സവത്തിൽ മാഞ്ചസ്റ്റർ ഇടവകക്ക് കിരീടം. സെന്റ് ജോസഫ് സ്കൂളിൽ നടന്ന മത്സരങ്ങളിൽ 132 പോയിന്റ് നേടിയാണ് മാഞ്ചസ്റ്റർ ഇടവക ചാമ്പ്യന്മാരായത്. 102 പോയിന്റോടെ ബെർക്കിൻഹെഡ് രണ്ടാം സ്‌ഥാനവും ക്രൂ ഇടവക മൂന്നാം സ്‌ഥാനവും നേടി.

രണ്ടു വേദികളിലായി ആരംഭിച്ച മത്സരങ്ങളിൽ രൂപതയിലെ മാസ് സെന്ററുകളായ മാഞ്ചസ്റ്റർ, ബെർക്കിൻഹെഡ്, ചെസ്റ്റർ, നോർത്ത്വിച്ച്, ടെൽഫോർഡ്, ക്രൂ, സ്റ്റോക്ക്പോർട്ട്, വിരാൽ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഭകളാണ് മാറ്റുരച്ചത്. ഇടവക തലത്തിൽ നടന്ന മത്സരങ്ങളിൽ ആദ്യ മൂന്നു സ്‌ഥാനങ്ങളിൽ എത്തിയവരാണ് രൂപത തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ മാറ്റുരച്ചത്.

പങ്കെടുത്ത മൂന്നിനങ്ങളിലും ഒന്നാം സ്‌ഥാനം നേടി മാഞ്ചസ്റ്ററിൽനിന്നുള്ള അന്ന മരിയ ബിജു കലാതിലക പട്ടം ചൂടി. ബൈബിൾ ക്വിസ്, ഇംഗ്ലീഷ് സിംഗിംഗ്, മലയാളം സിംഗിംഗ് എന്നിവയിലാണ് അന്ന പ്രാഗൽഭ്യം തെളിയിച്ചത്.

മാർഗം കളിയും മാഞ്ചസ്റ്റർ ഇടവകയുടെ എബ്രഹാം മുതൽ എബ്രഹാം വരെ എന്ന നാടകവും ബെർക്കിൻഹെഡ് ഇടവക അവതരിപ്പിച്ച മരുഭൂമിയിലെ പ്രവാചകൻ എന്ന നാടകവും ബൈബിൾ കലോത്സവത്തിന്റെ ഭാഗമായിരുന്നു.

സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് ശ്രാമ്പിക്കൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഷ്രൂഷ്റി രൂപത സീറോ മലബാർ ചാപ്ലിൻ റവ.ഡോ.ലോനപ്പൻ അരങ്ങാശേരി, ട്രസ്റ്റിമാരായ ജോഷി ജോസഫ്, ബിജു ജോർജ്, കെ.ജെ. ജോസഫ്, സൺഡേ സ്കൂൾ പ്രധാനധ്യാപിക സജിത്ത് തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച വിവിധ കമ്മിറ്റികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ