ജനാർദനറെഡ്ഡിയുടെ മകളുടെ ആഢംബരവിവാഹത്തിന് കൊട്ടാരമുയർന്നു
Monday, November 14, 2016 7:40 AM IST
ബംഗളൂരു: കറൻസികളുടെ നിരോധനത്തെ തുടർന്ന് ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ മുൻമന്ത്രിയും ബിജെപി നേതാവുമായ ജി. ജനാർദനറെഡ്ഡിയുടെ മകളുടെ ആഢംബര വിവാഹത്തിന് കോടികൾ മുടക്കി കൊട്ടാരമുയരുന്നു. 500 കോടിയോളം പൊടിച്ചാണ് വിവാഹം നടത്തുന്നതെന്നാണ് റിപ്പോർട്ട്. ഇതിനായി ബംഗളൂരു പാലസ് ഗ്രൗണ്ടിൽ കൊട്ടാരത്തിന്റെ മാതൃകയിലുള്ള പന്തൽ തയാറാക്കിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന കൃഷ്ണദേവരായരുടെ വിജയനഗര സാമ്രാജ്യത്തിലെ സുവർണകൊട്ടാരത്തിന്റെ മാതൃകയിലാണ് പന്തൽ. ഇതിനുവേണ്ടി മാത്രം 150 കോടിയോളം ചെലവായി. ബോളിവുഡ് ചിത്രം ദേവദാസിന്റെ സെറ്റ് ഒരുക്കിയ ബോളിവുഡ് ആർട്ട് ഡയറക്ടർമാരായ സുജീത് സാവന്ത്, ശ്രീരാം അയ്യങ്കാർ എന്നിവരാണ് പന്തൽ നിർമാണത്തിനു പിന്നിൽ. അഞ്ചുലക്ഷത്തോളം പേർ ആഢംബര വിവാഹത്തിനെത്തുമെന്നാണ് അറിയുന്നത്. അതേസമയം, പാലസ് ഗ്രൗണ്ടിലെ പന്തലിന്റെ ചിത്രങ്ങൾ പകർത്തുന്നതിന് വിലക്കുണ്ട്. ഒരുലക്ഷത്തോളം പേർ വിവാഹത്തിന് സഹായികളായി ഉണ്ടാകുമെന്നാണ് വിവരം. പരിപാടികൾക്ക് മേൽനോട്ടം വഹിക്കാൻ 2,500 സൂപ്പർവൈസർമാരെയും ആയിരം മാനേജർമാരെയും നിയമിച്ചിട്ടുണ്ട്.

14, 15, 16 തീയതികളിലാണ് രാജ്യം കണ്ടതിൽവച്ച് ഏറ്റവും ആഢംബര വിവാഹം നടക്കുന്നത്. ആദ്യദിനം, മൈലാഞ്ചിയിടൽ, രണ്ടാംദിനം വിവാഹനിശ്ചയം, മൂന്നാംദിനം താലികെട്ട് എന്നിങ്ങനെയാണ് ചടങ്ങുകൾ. എല്ലാ ദിവസവും ചലച്ചിത്രതാരങ്ങൾ അവതരിപ്പിക്കുന്ന കലാവിരുന്നും ഡിന്നറുമുണ്ടായിരിക്കും. വിവാഹമാമാങ്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, സംസ്‌ഥാനമന്ത്രിമാർ, ഉന്നത രാഷ്ര്‌ടീയനേതാക്കൾ, ഹിന്ദി, തെലുങ്ക്, കന്നഡ ചലച്ചിത്രതാരങ്ങൾ തുടങ്ങി പ്രമുഖരുടെ നീണ്ടനിരയെയാണ് ക്ഷണിച്ചിരിക്കുന്നത്. പ്രമുഖ ചലച്ചിത്ര താരങ്ങളായ ഷാരൂഖ് ഖാൻ, പ്രഭുദേവ, കത്രീന കെയ്ഫ് എന്നിവർ നേതൃത്വം നൽകുന്ന നൃത്തവിരുന്നും തെലുങ്ക്, കന്നഡ ചലച്ചിത്രതാരങ്ങൾ അണിനിരക്കുന്ന മറ്റു കലാപരിപാടികളും വിവാഹത്തോടനുബന്ധിച്ച് അരങ്ങേറും.

അതിഥികൾക്കായി ബംഗളൂരു നഗരത്തിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലായി 1500 റൂമുകൾ ബുക്ക് ചെയ്തിട്ടുണ്ട്. അതിഥികളെ വിവാഹവേദിയിലേക്ക് കൊണ്ടുവരുന്നതിനായി 2000ത്തോളം ആഢംബര ടാക്സികളും ഏർപ്പാടാക്കിക്കഴിഞ്ഞു. വിവാഹത്തിനെത്തുന്ന 30,000 വരുന്ന അതിവിശിഷ്‌ട അതിഥികളെ എത്തിക്കുന്നതിനായി പാലസ് ഗ്രൗണ്ടിൽ 15 ഹെലിപ്പാഡുകളും തയാറാക്കുന്നുണ്ട്. പ്രതിദിനം എട്ടുലക്ഷം രൂപ വാടക നൽകിയാണ് ജനാർദനൻ റെഡ്ഡി സ്വന്തം ആവശ്യത്തിനായി ഏറെ വിശാലമായ പാലസ് ഗ്രൗണ്ട് അപ്പാടെ തത്കാലത്തേക്ക് സ്വന്തമാക്കിയിരിക്കുന്നത്.

മകൾ ബ്രാഹ്മിണിയുടെ വിവാഹത്തിനായി ജനാർദനറെഡ്ഡി തയാറാക്കിയ ക്ഷണക്കത്ത് ഏറെ ചർച്ചയായിരുന്നു. അദ്ദേഹവും കുടുംബവും അഭിനയിച്ച വീഡിയോ ഗാനം തെളിയുന്ന എൽസിഡി ക്ഷണക്കത്താണ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചത്. തുറക്കുമ്പോൾ വീഡിയോ തെളിയുന്ന തരത്തിലുള്ള കത്തിലെ വീഡിയോ ഗാനം തെലുങ്ക് സംവിധായകനായ സായികുമാറാണ് സംവിധാനം ചെയ്തത്. ഒരു ക്ഷണക്കത്തിന് 20,000 രൂപയാണ് ചെലവാക്കിയത്.

ബിഎസ്. യെദിയൂരപ്പ മന്ത്രിസഭയിലെ അംഗമായിരുന്ന ജനാർദൻ റെഡ്ഡി അനധികൃത ഖനനക്കേസിൽ മൂന്നു വർഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. കഴിഞ്ഞവർഷം ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് കോടികൾ പൊടിച്ച് മകളുടെ വിവാഹം ആഢംബരമാക്കാൻ ഒരുങ്ങുന്നത്.

വമ്പൻ വിവാഹമണ്ഡപത്തിൽ വലിയ എൽസിഡി സ്ക്രീനുകൾ, ഫ്രീ വൈഫൈ ഹോട്ടസ്പോട്ട്, ഡ്രോൺ കാമറകൾ എന്നിവയും മറ്റു ഹൈടെക് സംവിധാനങ്ങളുമുണ്ടാകും. ഒരുലക്ഷത്തോളം അതിഥികളെത്തുന്ന വിവാഹചടങ്ങിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച എയർപോർട്ട് റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന ആശങ്കയിലാണ് ബംഗളൂരു പോലീസ്. ബല്ലാരി റോഡിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഗതാഗതപ്രശ്നങ്ങളുണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ട്.

ചടങ്ങ് നടക്കുന്ന പാലസ് ഗ്രൗണ്ട് ഇപ്പോൾത്തന്നെ റെഡ്ഡിയുടെ നിയന്ത്രണത്തിലാണ്. പ്രദേശത്തേക്ക് ആരെയും കടത്തിവിടാതെ കനത്ത സുരക്ഷയാണ് റെഡ്ഡിയുടെ സുരക്ഷാ സംഘം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

പതിനാറിനു നടക്കുന്ന വിവാഹചടങ്ങിനോടനുബന്ധിച്ച് ബോളിവുഡ് താരങ്ങളുടെ കലാപരിപാടികളും ഉണ്ടാകും. ഹിന്ദി, കന്നഡ, തെലുങ്കു ചലച്ചിത്ര താരങ്ങളുടെ പ്രത്യേക പരിപാടികളും നടക്കം. വിവാഹത്തിനു മുന്നോടിയായി ടോളിവുഡ് താരങ്ങൾക്കായി പ്രത്യേക പാർട്ടിയും ഒരുക്കിയിരുന്നു.

വമ്പൻ വിവാഹമണ്ഡപത്തിൽ വലിയ എൽസിഡി സ്ക്രീനുകൾ, ഫ്രീ വൈഫൈ ഹോട്ടസ്പോട്ട്, ഡ്രോൺ കാമറകൾ എന്നിവയും മറ്റു ഹൈടെക് സംവിധാനങ്ങളുമുണ്ടാകും.

ഒരുലക്ഷത്തോളം അതിഥികളെത്തുന്ന വിവാഹചടങ്ങിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച എയർപോർട്ട് റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന ആശങ്കയിലാണ് ബംഗളൂരു പോലീസ്. ബല്ലാരി റോഡിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഗതാഗതപ്രശ്നങ്ങ ളുണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ചടങ്ങ് നടക്കുന്ന പാലസ് ഗ്രൗണ്ട് ഇപ്പോൾത്തന്നെ റെഡ്ഡിയുടെ നിയന്ത്രണത്തിലാണ്. പ്രദേശത്തേക്ക് ആരെയും കടത്തിവിടാതെ കനത്ത സുരക്ഷയാണ് റെഡ്ഡിയുടെ സുരക്ഷാസംഘം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജന ങ്ങൾക്കും മാധ്യമങ്ങൾക്കും പ്രവേശനം നിഷേധിച്ചിട്ടുണ്ട്.