’ചില്ലറ‘യല്ല പ്രശ്നങ്ങൾ; നോട്ട് മാറാൻ നെട്ടോട്ടം
Tuesday, November 15, 2016 7:30 AM IST
ബംഗളൂരു: രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് നോട്ടുകൾ മാറിയെടുക്കാനായുള്ള ജനങ്ങളുടെ നെട്ടോട്ടം നാലാം ദിവസവും തുടർന്നു. രാവിലെ മുതൽ ബാങ്കുകളിലെങ്ങും നീണ്ട നിരയാണ് ദൃശ്യമായത്. പ്രായമായവരും കൈക്കുഞ്ഞുങ്ങളുമായി വന്ന സ്ത്രീകളും നീണ്ട ക്യൂവിൽ നിന്നു വലഞ്ഞു. എടിഎമ്മുകളിൽ പണം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തിരക്കേറിയതോടെ പല കൗണ്ടറുകളും ആവശ്യത്തിനു പണമില്ലാതെ അടച്ചിടേണ്ടി വന്നു. ബാങ്കുകൾ നേരിട്ടു പ്രവർത്തിപ്പിക്കുന്ന എടിഎമ്മുകൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. കാഷ് ഡിപ്പോസിറ്റ് മെഷീൻ ഉള്ള എടിഎം കൗണ്ടറുകളിലും നിക്ഷേപകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ചില്ലറ പ്രശ്നം രൂക്ഷമായതോടെ പല ബാങ്കുകൾക്കും 4,000 രൂപ നല്കാൻ കഴിയാത്ത സ്‌ഥിതിയിലായിരുന്നു. ചിലയിടങ്ങളിൽ തിരക്ക് നേരിയ സംഘർഷത്തിനു വഴിവച്ചതിനെത്തുടർന്ന് പോലീസ് ഇടപെട്ടു. ഈമാസം 20 വരെ എല്ലാ ബാങ്കുകൾക്കും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

പെട്രോൾ പമ്പുകളിൽ പഴയ 500, 1000 നോട്ടുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും ബാക്കി നല്കാൻ പണമില്ലാത്തത് പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്.

ചില്ലറ പ്രശ്നം രൂക്ഷമായതോടെ പല പമ്പുകളിലും ജീവനക്കാരും ഉപയോക്‌താക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. പോസ്റ്റ് ഓഫീസുകൾ, സർക്കാർ ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും പഴയ നോട്ടുകൾ സ്വീകരിക്കുന്നുണ്ട്.