മാർട്ടിൻ ഷുൾസ് ചാൻസലർ സ്‌ഥാനാർഥിയായേക്കും
Thursday, November 24, 2016 10:16 AM IST
ബർലിൻ: നിലവിലെ യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റും എസ്പിഡി നേതാവുമായ മാർട്ടിൻ ഷുൾസ്(60) അടുത്ത ജർമൻ പെതുതെരഞ്ഞെടുപ്പിൽ ആംഗല മെർക്കലിനു വെല്ലുവിളിയുയർത്തി ചാൻസലർ സ്‌ഥാനാർഥിയായേക്കും. ഇതിന്റെ ആദ്യപടിയെന്നോണം മെർക്കലിന്റെ വിശാല മുന്നണി കൂട്ടുകെട്ടിൽ ഒഴിവുവരുന്ന ജർമൻ വിദേശകാര്യമന്ത്രി പദം ഷുൾസ് ഏറ്റെടുത്തേക്കും. എസ്പിഡിക്കാരനായ നിലവിലെ വിദേശ കാര്യന്ത്രി ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയർ സിഡിയു, എസ്പിഡി കക്ഷികളുടെ ജർമൻ പ്രസിഡന്റു സ്‌ഥാനാർഥിയായി മെർക്കൽ നാമനിർദ്ദേശം ചെയ്തിരിക്കുന്നതുകൊണ്ട് സ്റ്റൈൻമയർ ആ സ്‌ഥാനം രാജിവയ്ക്കേണ്ടതായിട്ടുണ്ട്. സ്റ്റൈൻമയറുടെ ഒഴിവിലേയ്ക്കു മാർട്ടിൻ ഷുൾസിനെ മന്ത്രിസഭയിലേയ്ക്കു കൊണ്ടുവരുന്നതുവഴി മെർക്കലിനെതിരെ പൊതുസമ്മതനായ സ്‌ഥാനാർഥിയെ നിർത്താനാണ് എസ്പിഡിയുടെ കരുനീക്കം.

കഴിഞ്ഞ 20 വർഷമായി യൂറോപ്യൻ യൂണിയൻ പാർലമെന്റ് തട്ടകമാക്കിയിരുന്ന മാർട്ടിൻ ഷുൾഷാവട്ടെ ഇനിയിപ്പോൾ ബർലിനിലേയ്ക്കു ചേക്കേറാൻ തയാറായതായി എസ്പിഡി നേതൃത്വത്തെ സമ്മതം അറിയിച്ചിരിക്കുകയാണ്. യൂറോപ്യൻ രാഷ്ട്രീയമണ്ഡലത്തിൽ ഏറെ തിളക്കമുള്ള, ക്ലീൻ ഇമേജുള്ള ഷുൾസിന്റെ ബർലിനിലേയ്ക്കുള്ള ആദ്യ ചേക്കേറൽ വിദേശകാര്യമന്ത്രി ആയിട്ടായിരിക്കുമെന്നു മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു. എന്നാൽ ഷുൾസിന്റെ ഉദ്ദേശം ഒരു പടികൂടി മുന്നിലാണ്. അടുത്ത ജർമൻ ചാൻസലർ സ്‌ഥാനാഥിയായി മെർക്കലിനെതിരെ മൽസരിക്കുക. യൂറോപ്യൻ പാർലമെന്റിലേയ്ക്ക് ഇനിയില്ലെന്നും ഇപ്പോഴുള്ള അധ്യക്ഷ പദവി രാജിവയ്ക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തിയ സ്‌ഥിതിക്ക് സിഡിയുവിന്റെ മാത്രമല്ല സ്വന്തം പാർട്ടിയായ എസ്പിഡിയിലുള്ളവരുടെയും ഉറക്കം കെടുത്തുമെന്നുറപ്പാണ്.

എസ്പിഡി അധ്യക്ഷൻ സീഗ്മാർ ഗാബ്രിയേൽ ഷുൾസിന്റെ പുതിയ നീക്കത്തെ സ്വാഗതം ചെയ്തിട്ടില്ലെങ്കിലും മെർക്കലിനെതിരെ മൽസരിക്കാൻ എന്തുകൊണ്ടും ഷുൾസ് ആയിരിക്കും യോഗ്യനെന്നും അടുത്തിടെ നടന്ന സർവേകൾ വെളിപ്പെടുത്തുന്നു. ചാൻസലറായി മെർക്കലിനെ 49 ശതമാനം പേർ അനുകൂലിക്കുമ്പോൾ ഷുൾസിനെ 27 ശതമാനം ആളുകൾ പിന്താങ്ങുന്നുണ്ട്. എന്നാൽ ഗാബ്രിയേലിന്റെ ജനസമ്മതി 16 ശതമാനത്തിൽ ഒതുങ്ങുകയാണ്. ഇനിയിപ്പോൾ ഭരണത്തിലെ സഖ്യം വിട്ട് തെരഞ്ഞെടുപ്പിനായുള്ള പുതിയ സഖ്യത്തിന്റെ ബലത്തിലാവും മെർക്കിന്റെയും ഷുൾസിന്റെയും വിജയപരാജയങ്ങൾ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ