മലയാളം മിഷൻ അധ്യാപക പരിശീലനം
Saturday, November 26, 2016 7:39 AM IST
ബംഗളൂരു: പ്രവാസി മലയാളികളെ മലയാളം പഠിപ്പിക്കുന്ന കേരളസർക്കാർ സംരംഭമായ മലയാളം മിഷൻ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി നടത്തുന്ന മലയാളം മിഷൻ അധ്യാപക പരിശീലനത്തിന് ഉജ്വല തുടക്കം. ഇന്ദിരാനഗർ 5 മെയിൻ 9 ക്രോസ് കൈരളീ നികേതൻ ഓഡിറ്റോറിയത്തിൽ മലയാളം മിഷൻ രജിസ്ട്രാർ കെ. സുരേഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കേരളസമാജം വൈസ് പ്രസിഡന്റ് വിക്രമൻ പിള്ള അധ്യക്ഷത വഹിച്ചു. ബംഗളൂരു മലയാളം മിഷൻ സെക്രട്ടറി റജികുമാർ, ചീഫ് കോ–ഓർഡിനേറ്റർ പി.കെ. മുകുന്ദൻ, അക്കാഡമിക് കോ–ഓർഡിനേറ്റർ കെ. ദാമോദരൻ, കെഎൻഇ ട്രസ്റ്റ് പ്രസിഡന്റ് സി.എച്ച്. പത്മനാഭൻ, സെക്രട്ടറി ജയ്ജോ ജോസഫ്, ട്രഷറർ രാജഗോപാൽ, ട്രസ്റ്റി രാജശേഖരൻ, തങ്കച്ചൻ പന്തളം, രാധ നായർ, കേരളസമാജം വനിതാ വിഭാഗം ചെയർപേഴ്സൺ ശോഭന ചോലയിൽ, വാസന്തി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. മലയാളം മിഷൻ അധ്യാപകരായ വിജയൻ ചാലോട്, സുകുമാരൻ നായർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

രണ്ടു ദിവസം നീണ്ടുനിന്ന പരിശീലന പരിപാടിയിൽ 70 പേരാണ് പരിശീലനം നേടിയത്. കണിക്കൊന്ന, സൂര്യകാന്തി എന്നീ പാഠ്യപദ്ധതികളിലേക്കുള്ള അധ്യാപകർക്കാണ് പരിശീലനം നൽകിയത്. കണിക്കൊന്ന പരീക്ഷയിൽ ജയിച്ചവർക്ക് സൂര്യ കാന്തി കോഴ്സിൽ ചേരാം. രണ്ടു വർഷമാണ് കണിക്കൊന്ന, സൂര്യകാന്തി കോഴ്സുകളുടെ കാലാവധി. നിലവിൽ 43 കേന്ദ്രങ്ങളിലാണ് ഇപ്പോൾ ക്ലാസുകൾ നടക്കുന്നത്. നൂറു പഠനകേന്ദ്രങ്ങളാണ് ഈ വർഷം ലക്ഷ്യമിടുന്നതെന്ന് മലയാളം മിഷൻ സെക്രട്ടറി റജികുമാർ പറഞ്ഞു.

കേരളസമാജത്തിനു പുറമേ വിമാനപുര കൈരളീ കലാസമിതി, ഡെക്കാൻ കൾച്ചറൽ സൊസൈറ്റി, ടിസി പാളയ കൈരളി വെൽഫയർ അസോസിയേഷൻ, സൗത്ത്വെസ്റ്റ് കേരളസമാജം, ചിക്കബാനവാര മലയാളി അസോസിയേഷൻ, ബില്ലെക്കള്ളി ശ്രീ മണികണ്ഠ സേവാസമിതി, ഹിരാ മോറൽ സ്കൂൾ, മൈസൂരു സുധ സ്റ്റഡി സെന്റർ, സഞ്ജയ്നഗർ കലാ കൈരളി, ഡിആർഡിഒ സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ, ബാബുസാഹിബ്പാളയ ലോഗോസ് ചർച്ച്, സുൽത്താൻ പാളയ സെന്റ് അൽഫോൻസ ചർച്ച് എന്നിവിടങ്ങളിൽ നിന്നും, കെഎൻഎസ്എസ്, ഉപാസന ജാലഹള്ളി തുടങ്ങിയ സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ രണ്ടു ദിവസം നീണ്ടു നിന്ന പരിശീലന പരിപാടിയിൽ പങ്കെടുത്തു.