നോട്ട് പ്രതിസന്ധി: ദസറ പ്രദർശനം നീട്ടി
Thursday, January 5, 2017 8:28 AM IST
ബംഗളൂരു: നോട്ട് പ്രതിസന്ധി കച്ചവടക്കാരെ രൂക്ഷമായി ബാധിച്ച സാഹചര്യത്തിൽ ദസറ പ്രദർശനം ജനുവരി എട്ടു വരെ നീട്ടി. ഡിസംബർ മാസത്തിൽ പ്രദർശനം അവസാനിക്കാനിരിക്കേയാണ് ഈ നടപടി. ബംഗളൂരു ആസ്‌ഥാനമായ സ്വകാര്യ സ്‌ഥാപനമാണ് നാലു കോടി രൂപയ്ക്ക് പ്രദർശനത്തിന്റെ കരാർ ഏറ്റെടുത്തത്. എന്നാൽ അപ്രതീക്ഷിതമായി നോട്ട് പിൻവലിച്ച നടപടി പ്രദർശനത്തിന്റെ വരുമാനത്തെയും പ്രതികൂലമായി ബാധിച്ചു. മുൻവർഷത്തേതിനെ അപേക്ഷിച്ച് ഇത്തവണ കച്ചവടത്തിൽ 30 ശതമാനം ഇടിവുണ്ടായെന്നാണ് വ്യാപാരികൾ അറിയിച്ചത്.

137 സ്റ്റാളുകളും ഭക്ഷണശാലയും അമ്യൂസ്മെന്റ് പാർക്കും ഉൾപ്പെടുന്നതാണ് ഇത്തവണത്തെ പ്രദർശനം. ഈവർഷം 13 ലക്ഷം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സന്ദർശകരുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. പ്രദർശനം നീട്ടുന്നതോടെ പ്രവേശനനിരക്ക്, പാർക്കിംഗ് ചാർജ് എന്നീ ഇനത്തിൽ കർണാടക എക്സിബിഷൻ അതോറിറ്റിക്ക് അധികവരുമാനമുണ്ടാകും.