പ്രവാസി ഭാരതീയ ദിവസിന് ബംഗളൂരുവിൽ തുടക്കമായി
Saturday, January 7, 2017 8:22 AM IST
ബംഗളൂരു: പ്രവാസി സമൂഹത്തിന്റെ സംഗമമായ പ്രവാസി ഭാരതീയ ദിവസിന്റെ പതിനാലാം സംഗമത്തിന് ബംഗളൂരുവിൽ ജനുവരി ഏഴിന് തുടക്കമായി. തുമകുരു റോഡിലെ ബംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ യുവപ്രവാസി സംഗമത്തോടെയാണ് പരിപാടികൾക്കു തുടക്കമായത്. രാവിലെ 9.30ന് കേന്ദ്ര യുവജനകാര്യ– സ്പോർട്സ് മന്ത്രി വിജയ് ഗോയൽ, വിദേശകാര്യസഹമന്ത്രി വി.കെ. സിംഗ് എന്നിവർ ചേർന്ന് യുവപ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു. സുരിനാം വൈസ് പ്രസിഡന്റ് മൈക്കൽ അശ്വിൻ അധിൻ മുഖ്യാതിഥിയായിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ചടങ്ങിൽ പങ്കെടുത്തു. യുവസംരംഭകർക്കുള്ള സാധ്യതകൾ, വിദേശത്ത് വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്ന വിവിധ സെഷനുകളും നടന്നു.

പ്രവാസി ഭാരതീയ ദിവസിന്റെ ഔദ്യോഗിക ഉദ്ഘാടനം എട്ടിന് (ഞായർ) പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ മുഖ്യാതിഥിയായിരിക്കും. മലേഷ്യൻ മന്ത്രി എസ്. സ്വാമിവേലു, മൗറീഷ്യസ് ആരോഗ്യമന്ത്രി പൃഥ്വിരാജ് സിംഗ് രൂപൻ എന്നിവരും അതിഥികളായെത്തും. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, മഹേഷ് ശർമ, ജെ.പി. നദ്ദ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ പ്രതിനിധികൾക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാനുള്ള അവസരം ലഭിക്കും. ചടങ്ങിനു ശേഷം നടക്കുന്ന മുഖ്യമന്ത്രിമാരുടെ സെഷനിൽ കർണാടക, കേരളം, മഹാരാഷ്ര്‌ട, മധ്യപ്രദേശ്, ആസാം, ഛത്തിസ്ഗഡ്, ജാർഖണ്ഡ്, പുതുച്ചേരി മുഖ്യമന്ത്രിമാർ പങ്കെടുക്കും. വൈകുന്നേരം അഞ്ചിനു നടക്കുന്ന സമാപനചടങ്ങുകൾ രാഷ്ര്‌ടപതി പ്രണബ് മുഖർജി ഉദ്ഘാടനം ചെയ്യും. 30 പേർക്ക് പ്രവാസി ഭാരതീയ അവാർഡുകളും രാഷ്ര്‌ടപതി സമ്മാനിക്കും.

ആറായിരത്തിലേറെ പ്രതിനിധികളാണ് ഇത്തവണ പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കുന്നത്. 30 രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രാതിനിധ്യമാണ് ഇത്തവണത്തേത്. 40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കിയ പ്രദർശനനഗരിയിൽ വിവിധ സംസ്‌ഥാനങ്ങളുടെ പവലിയനുകളും സജ്‌ജമാക്കിയിട്ടുണ്ട്. വിവിധ സംസ്‌ഥാനങ്ങളിലെ നിക്ഷേപസാധ്യതകൾ പ്രവാസി നിക്ഷേപകരുടെ മുന്നിൽ അവതരിപ്പിക്കും. പരിപാടിക്കെത്തുന്ന പ്രതിനിധികളെ വരവേൽക്കാൻ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടികൾ അരങ്ങേറും. പ്രതിനിധികൾക്കായി ബംഗളൂരുവിന്റെ തനത് വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനവും നടക്കും. ആദ്യമായാണ് പ്രവാസി ഭാരതീയ ദിവസിന് ബംഗളൂരു വേദിയാകുന്നത്.

വിഐപി അതിഥികൾക്കായി നാല് ഹെലിപാഡുകളാണ് സമ്മേളനവേദിക്കു സമീപം ഒരുക്കിയിരുന്നത്. മൊബൈൽ എടിഎം വാഹനങ്ങൾ, വിദേശ കറൻസികൾ മാറ്റിയെടുക്കാനുള്ള കൗണ്ടറുകൾ സൗജന്യ വൈഫൈ സംവിധാനവും എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിനിധികൾക്കായി പിബിഡി 2017 എന്ന പേരിൽ മൊബൈൽ ആപ്പും പുറത്തിറക്കിയിരുന്നു.

പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സമ്മേളനവേദിയിലും പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലുകളിലും കെംപഗൗഡ അന്താരാഷ്ര്‌ട വിമാനത്താവളത്തിലും സുരക്ഷ ശക്‌തമാക്കി. പ്രധാനമന്ത്രി പങ്കെടുക്കുന്ന സാഹചര്യത്തിൽ സുരക്ഷ കൂടുതൽ കർശനമാക്കും. തുമകുരു റോഡിൽ ഞായർ വരെ രാവിലെ ആറു മുതൽ 11 വരെ വലിയ ചരക്കു ലോറികൾ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട ്.