സംസ്‌ഥാനത്തിന് പുതിയ പ്രവാസി നയം
Tuesday, January 10, 2017 7:21 AM IST
ബംഗളൂരു: പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് കർണാടക സർക്കാർ പ്രത്യേക പ്രവാസിനയം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാരായ ആർ.വി. ദേശ്പാണ്ഡെ, പ്രിയങ്ക് ഖാർഗെ തുടങ്ങിയവർ ചേർന്നാണ് പുതിയ നയം പുറത്തിറക്കിയത്. കർണാടക എൻആർഐ ഫോറം, വാണിജ്യ–വ്യവസായ വകുപ്പ് എന്നിവ ചേർന്നാണ് പ്രവാസി നയം തയാറാക്കിയത്.

സംസ്‌ഥാനത്തിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് നയം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പ്രവാസികൾക്ക് സംസ്‌ഥാനത്തെ ഗ്രാമങ്ങൾ, സ്കൂൾ, നഗരം തുടങ്ങിയവ ഏറ്റെടുത്ത് വികസനപ്രവർത്തനങ്ങൾ നടത്താം. കന്നഡിഗരായ പ്രവാസികൾക്ക് വിവിധ ഇളവുകൾ നല്കി സംസ്‌ഥാനത്ത് നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയും ലക്ഷ്യമാണ്. കൂടാതെ വിദേശത്തു നിന്നു തിരിച്ചെത്തുന്നവർക്ക് പുനരധിവാസ പദ്ധതികൾ എന്നിവയും ഏർപ്പെടുത്തും.

വിദേശത്തുള്ള കന്നഡിഗരുടെ ക്ഷേമത്തിനായി സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രവാസികളുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക വെബ്സൈറ്റ് തയാറാക്കും. പ്രവാസി കന്നഡിഗർക്കായി പ്രത്യേകം ടൂറിസം പാക്കേജുകളും പ്രഖ്യാപിക്കും. പ്രവാസി ഭാരതീയ ദിവസ് മാതൃകയിൽ കർണാടക ദിവസ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.