സ്വിസ് കമ്പനിക്ക് ഇന്ത്യയിൽ 64 കോടി ഡോളറിന്റെ വൈദ്യുതി പദ്ധതിക്ക് അനുമതി
Wednesday, January 11, 2017 10:16 AM IST
സൂറിച്ച്: ഇന്ത്യയിൽ 64 കോടി ഡോളറിന്റെ വൈദ്യുതി പദ്ധതിക്ക് അനുമതി ലഭിച്ചതായി സൂറിച്ച് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സ്വിസ് ടെക്നോളജി ഗ്രൂപ്പ് എബിബി പത്രകുറിപ്പിൽ അറിയിച്ചു. ദേശീയ വൈദ്യുതി വിതരണ സ്‌ഥാപനമായ പവർഗ്രിഡുമായി ചേർന്നുള്ള പ്രോജക്ടിന്റെ മൊത്തം ചെലവ് 84 കോടി ഡോളറാണ്.

1830 കി.മീ നീളത്തിൽ ഛത്തീസ്ഗഡിലെ റായ്ഗർഹിൽ നിന്നും തമിഴ്നാട്ടിലെ പുഗല്ലൂരിലേക്ക് വൈദ്യുതി വിതരണ ശൃംഖല സ്‌ഥാപിക്കാനാണ് കരാർ. 2017ൽ തുടങ്ങി 2019 ൽ പൂർത്തിയാക്കേണ്ട പദ്ധതിയിൽ 800 കിലോവാട്ട് ഇരു ദിശകളിലേക്കും വൈദ്യുതി കൈമാറാം. തമിഴ്നാട്ടിലെ കാറ്റാടിപ്പാടങ്ങളിലെ അധിക വൈദ്യുതി വടക്കേ ഇന്ത്യയിലേക്കും തമിഴ്നാട്ടിൽ ഉദ്പാദനം കുറയുമ്പോൾ, വടക്കു നിന്നും ഊർജ സ്രോതസുകളിലെ അധിക വൈദ്യുതി തമിഴ്നാട്ടിലേക്കും എത്തിക്കാനാണ് പ്ലാൻ. എട്ടു കോടിയോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പവർസ്റ്റേഷനുകൾ, ട്രാൻസ്ഫോർമറുകൾ, കൺട്രോളിംഗ് സിസ്റ്റം തുടങ്ങിയവയുടെ നിർമാണ ചുമതലയാണ് സ്വിസ് കമ്പനിയായ എബിബി സ്വന്തമാക്കിയിരിക്കുന്നത്.

റിപ്പോർട്ട്: ടിജി മറ്റം