മരുന്നു കമ്പനികൾക്കെതിരെ ആഞ്ഞടിച്ച് ട്രംപ്: ഓഹരി വിപണിയിൽ സ്വിസ്, ജർമൻ മരുന്നു കമ്പനികൾക്ക് വൻ നഷ്ടം
Saturday, January 14, 2017 10:42 AM IST
ബെർലിൻ: ആഗോള തലത്തിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജർമനിയിലെ ബയർ ഉൾപ്പടെയുള്ള മരുന്നു കമ്പനികളുടെയും സ്വിറ്റ്സർലൻഡ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് നിർമാണ കമ്പനികളുടെയും ഓഹരി വിലകൾ കൂപ്പു കുത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ നടത്തിയ പരാമർശമാണ് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത്.

മരുന്നുകൾക്കു വില കുറയ്ക്കാൻ നിർമാതാക്കളുമായി വിലപേശണമെന്ന നിർദേശമാണ് ട്രംപ് തന്റെ വാർത്താ സമ്മേളനത്തിൽ മുന്നോട്ടു വച്ചത്. ഇതെത്തുടർന്ന് നോവാർട്ടിന്റെ ഓഹരി വിലയിൽ മൂന്നു ശതമാനം ഇടിവ് രേഖപ്പെടുത്തി. റോച്ചെയുടെ ഓഹരി വിലയിൽ രണ്ടു ശതമാനവും ലോൺസയ്ക്ക് ഒരു ശതമാനവും ഇടിവു നേരിട്ടു.

സർക്കാർ കരാറുകൾ ലഭിക്കാൻ മരുന്നു നിർമാതാക്കളിൽനിന്നു ബിഡുകൾ സ്വീകരിക്കുന്ന സമ്പ്രദായം ഏർപ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ