ഹോളോകോസ്റ്റ് സ്മാരകത്തിനു വിമർശനം: എഎഫ്ഡി വിവാദത്തിൽ
Thursday, January 19, 2017 10:03 AM IST
ബെർലിൻ: ജർമൻ തലസ്ഥാനത്തെ ഹോളോകോസ്റ്റ് സ്മാരകത്തിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച എഎഫ്ഡി നേതാവ് ബ്യോണ്‍ ഹോക്കെ വിവാദത്തിൽ.

സ്വന്തം രാജ്യ തലസ്ഥാനത്ത് നാണക്കേടിന്‍റെ സ്മാരകം പണിത ഏക ജനത ജർമനിയിലേതാണെന്നും ക്രൂരമായി തോൽപ്പിക്കപ്പെട്ട ജനതയുടെ മനസ്ഥിതിയാണ് ജർമനിയെ ഇത്തരം സ്മാരകങ്ങൾ നിർമിക്കാൻ പ്രേരിപ്പിക്കുന്നതെന്നും ചരിത്രത്തെ അനുസ്മരിക്കുന്ന കാര്യത്തിൽ 180 ഡിഗ്രി വ്യതിയാനം ആവശ്യമാണെന്നും ആയിരുന്നു ഹോക്കെയുടെ വിവാദ പരാമർശം.

തീവ്ര വലതുപക്ഷ സംഘടനയുടെ ഈസ്റ്റേണ്‍ തുരിംഗിയ മേധാവിയാണ് ഹോക്കെ. മുന്പ് അഭയാർഥികൾക്കെതിരായും വംശീയമായും നടത്തിയ പരാമർശങ്ങളുടെ പേരിൽ കുപ്രസിദ്ധനാണ്. ഇയാൾ ചരിത്രം തിരുത്തിയെഴുതാനാണ് ശ്രമിക്കുന്നതെന്നും പ്രകോപനപരമായാണ് സംസാരിക്കുന്നതെന്നും വിമർശനം ഉയരുന്നു.

അതേസമയം എഎഫ്ഡി നേതാവ് ഇതാദ്യമായല്ല നാസി ഭാഷയിൽ സംസാരിക്കുന്നതെന്ന് തുരിംഗിയ പ്രധാനമന്ത്രി ബോഡോ റാമെലോ പറഞ്ഞു. ഹോക്കെയ്ക്കെതിരേ ഡ്രെസ്ഡെനിൽ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ