പോളണ്ടിൽ വേൾഡ് മലയാളി ഫെഡറേഷന് തുടക്കമായി
Saturday, January 21, 2017 10:38 AM IST
വാഴ്സ: ആഗോള മലയാളികളെ സൗഹൃദത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഒരുമയുടെയും കുടകീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേൾഡ് മലയാളി ഫെഡറേഷന് (ഡബ്ല്യുഎംഎഫ്) പോളണ്ടിലും തുടക്കമായി. പോളണ്ടിൽ അടുത്തകാലത്തായി വർധിച്ചുവരുന്ന മലയാളികളെ ഒന്നിപ്പിക്കാനും സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ ഇടപെടലുകൾ നടത്താനുമാണ് സംഘടന ആദ്യ ഘട്ടത്തിൽ ശ്രമിക്കുന്നത്.

ഡബ്ല്യുഎംഎഫ് പോളണ്ട് ദേശിയ കോഓർഡിനേറ്റർ പ്രദീപ് നായരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ സുനിൽ നായർ (പ്രസിഡന്‍റ്), മനോജ് നായർ (വൈസ് പ്രസിഡന്‍റ്), ഫിജോ ജോസഫ് (സെക്രട്ടറി), ചന്ദ്രമോഹൻ നല്ലൂർ (ജോയിന്‍റ് സെക്രട്ടറി), പ്രജിത് രാധാകൃഷ്ണൻ/സ്മിജിൻ സോമൻ (ട്രഷറർമാർ), സർഗീവ് സുകുമാരൻ (മീഡിയ റിലേഷൻസ്), റിയാസ് ഏല്യാസ് (യൂത്ത് ഫോറം) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു.

ഈ വർഷത്തെ കാര്യപരിപാടികളും ആദ്യ യോഗത്തിൽ തീരുമാനിച്ചു. സംഘടനയുടെ ആദ്യഘട്ട പ്രവർത്തനം ഏപ്രിലിൽ നടക്കും. ജൂണ്‍ 17ന് ഇഫ്താർ വിരുന്നും സെപ്റ്റംബർ മൂന്നിന് ഓണാഘോഷവും ഡിസംബർ മൂന്നിന് ക്രിസ്മസ് ആഘോഷവും സംഘടിപ്പിക്കാനും തീരുമാനമായി.

റിപ്പോർട്ട്: ജോബി ആന്‍റണി