മെട്രോ രണ്ടാം ഘട്ടത്തിന് യൂറോപ്യൻ ബാങ്കിന്‍റെ 3,700 കോടി
Tuesday, February 14, 2017 6:56 AM IST
ബംഗളൂരു: നമ്മ മെട്രോയുടെ രണ്ട ാംഘട്ടത്തിന് സഹായവാഗ്ദാനവുമായി യൂറോപ്യൻ ഇൻവെസ്റ്റ്മെന്‍റ് ബാങ്ക് (ഇഐബി). 3,700 കോടി രൂപയാണ് ഇഐബി വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം രണ്ടുതവണയായി ബാങ്ക് അധികൃതർ മെട്രോ ജോലികൾ നേരിട്ടു കണ്ട് വിലയിരുത്തിയിരുന്നു. ഒന്നാം ഘട്ടം തൃപ്തികരമാണെന്നു കണ്ട തോടെയാണ് രണ്ടാംഘട്ടത്തിനായി പണം മുടക്കാൻ ഇഐബി തീരുമാനിച്ചത്. വായ്പ അടച്ചുതീർക്കാൻ 20 വർഷത്തെ സാവകാശവും നല്കിയിട്ടുണ്ട്. മറ്റു വിദേശബാങ്കുകളിലേതിനേക്കാൾ കുറഞ്ഞ പലിശയിലാണ് വായ്പ. വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണെന്ന് ബിഎംസിആർഎൽ അറിയിച്ചു. ഇതിനായി ബാങ്ക് അധികൃതർ അടുത്തമാസം വീണ്ടുമെത്തും.

ഫ്രഞ്ച് സ്ഥാപനമായ എഎഫ്ഡിയും രണ്ടാം ഘട്ടത്തിനായി 1,600 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. ആകെ 26,405 കോടി രൂപയാണ് പദ്ധതി ചെലവ്. ഇതിൽ 15,000 കോടി കേന്ദ്ര സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നത്. ബാക്കി തുക വിവിധ ബാങ്കുകളിൽ നിന്നുള്ള വായ്പകളാണ്. 2020ഓടെ മെട്രോ രണ്ട ാംഘട്ടം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 72.1 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം.