യുക്മ ദേശീയ കലാമേള നവംബർ നാലിന്
Thursday, February 16, 2017 7:13 AM IST
ലണ്ടൻ: യുക്മ ദേശീയ നിർവാഹകസമിതിയുടെ ആദ്യ യോഗം പുതിയ പ്രവർത്തന വർഷത്തെ വിപുലമായ കർമ പരിപാടികൾക്കുള്ള രൂപരേഖ തയാറാക്കി. നിർവാഹക സമിതി യോഗത്തിനുശേഷം പുറത്തിറക്കിയ ആദ്യ സ്വപ്നപദ്ധതി ന്ധയുക്മ സാന്ത്വനം’ യുകെ മലയാളികൾക്കിടയിൽ സജീവ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു.

കഴിഞ്ഞ ഭരണസമിതിയുടെ തുടർച്ചയെന്നോണം, പ്രവർത്തന വർഷത്തിന്‍റെ തുടക്കത്തിൽത്തന്നെ ദേശീയ കലാമേളയുടെ തീയതി പ്രഖ്യാപിച്ചുകൊണ്ട്, പുതിയ ദേശീയ നേതൃത്വം, പരിപാടികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിലെ കാര്യക്ഷമത തെളിയിച്ചിരിക്കുകയാണ്. അതനുസരിച്ചു 2017 ലെ ദേശീയ കലാമേള നവംബർ നാലിന് നടക്കും.

ദേശീയ കലാമേളക്ക് മുന്നോടിയായി എല്ലാ റീജണുകളിലും കലാമേളകൾ നടക്കും. റീജണൽ കലാമേളകൾ ഒക്ടോബറിൽ പൂർത്തിയാകുമെന്ന് ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങൾ ആറ് റീജണുകളിലാണ് കലാമേളകൾ നടന്നത്. ഈ വർഷം കാര്യക്ഷമമല്ലാത്ത മറ്റു മൂന്നു റീജണുകൾ കൂടി സജീവമാക്കുവാനും പ്രസ്തുത റീജണുകളിൽ കൂടി കലാമേളകൾ സംഘടിപ്പിക്കുവാനുമുള്ള തയാറെടുപ്പിലാണ് ദേശീയ നേതൃത്വം.

കേരളത്തിന് പുറത്തു നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി കലോത്സവം എന്നനിലയിൽ, യുക്മ ദേശീയ കലാമേളകൾ വളരെയേറെ ആഗോള ശ്രദ്ധ ആകർഷിച്ചു വരുന്നു. അയ്യായിരത്തോളം യുകെ മലയാളികൾ പങ്കെടുക്കുന്ന ഈ കലാ മാമാങ്കം യുകെ പ്രവാസി മലയാളി സമൂഹത്തിന്‍റെ കലാസാംസ്കാരിക പ്രാവീണ്യത്തിന്‍റെ ചാരുതയാർന്ന പരിച്ഛേദം തന്നെയാണ്.