മൈസൂരു കൊട്ടാരം കാണാൻ ടിക്കറ്റ് ഓണ്‍ലൈനിൽ
Friday, February 17, 2017 7:08 AM IST
മൈസൂരു: വിനോദസഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കി മൈസൂരു കൊട്ടാരത്തിൽ ഓണ്‍ലൈൻ ടിക്കറ്റിംഗ് സംവിധാനം ഏർപ്പെടുത്തുന്നു. അടുത്ത മാസം മുതൽ കൊട്ടാരം സന്ദർശിക്കാൻ ഓണ്‍ലൈനായി ടിക്കറ്റ് എടുത്താൽ മതിയാകും.

അതേസമയം, കൊട്ടാരത്തിലെ ടിക്കറ്റ് കൗണ്ട റുകൾ അതേപടി നിലനിർത്തിയിട്ടുണ്ട്. മാർച്ച് ആദ്യവാരം തന്നെ പദ്ധതി ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കൊട്ടാരത്തിന്‍റെ ഒൗദ്യോഗിക വെബ്സൈറ്റായ www.mysorepalace.gov.in വഴിയാണ് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. ടൂർ ഗൈഡ് ഫീസ്, പാർക്കിംഗ് ചാർജ് എന്നിവയും ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്.

ഓണ്‍ലൈൻ സംവിധാനം നിലവിൽ വരുന്നതോടെ കൊട്ടാരത്തിനു മുന്നിലെ ടിക്കറ്റ് കൗണ്ട റുകളിലെ തിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ഓണ്‍ലൈൻ ബുക്കിംഗിന് അധികചാർജ് ഏർപ്പെടുത്തില്ലെന്ന് കൊട്ടാരം ബോർഡ് അധികൃതർ അറിയിച്ചു. നേരത്തെ, മൈസൂരു മൃഗശാലയിലും ഓണ്‍ലൈൻ ടിക്കറ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. മൈസൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഒറ്റ ടിക്കറ്റിൽ സന്ദർശിക്കാൻ കഴിയുന്ന പദ്ധതി നടപ്പാക്കാൻ ജില്ലാ ഭരണകൂടവും ശ്രമം നടത്തുന്നുണ്ട്.