ഇന്ത്യ ലോകത്തെ രണ്ടാമത്തെ സാന്പത്തിക ശക്തിയാവും
Tuesday, February 21, 2017 7:22 AM IST
ബെർലിൻ: 2050 ഓടെ ലോകത്തെ രണ്ടാമത്തെ സാന്പത്തികശക്തിയായി ഇന്ത്യ മാറുമെന്ന് ആഗോള പഠനറിപ്പോർട്ട്. ചൈനയായിരിക്കും ലോകത്ത് ഒന്നാമതെത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നു. സാന്പത്തികമായി ഇപ്പോൾ മുൻപന്തിയിൽ നിൽക്കുന്ന ജപ്പാൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ 2050 ഓടെ ഏറെ പിന്നോട്ടുപോകുമെന്നും പഠനത്തിൽ പറയുന്നു.

2050ൽ ആഗോള സാന്പത്തികസ്ഥിതി എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇന്ത്യക്ക് ആശാവഹമായ റിപ്പോർട്ടുള്ളത്. 32 രാജ്യങ്ങളെയാണ് സാന്പത്തികസ്ഥിതി അനുസരിച്ച് വിവിധ റാങ്കുകളായി തരംതിരിച്ചിരിക്കുന്നത്. സൂക്ഷ്മ സാന്പത്തികപഠന രീതി ഉപയോഗിച്ചാണ് രാജ്യങ്ങളുടെ സാന്പത്തിക സ്ഥിതിവിവരങ്ങൾ മുൻകൂട്ടി കണക്കുകൂട്ടിയിരിക്കുന്നത്.

2017 മുതൽ 2050 വരെയുള്ള 33 വർഷത്തിനിടയിൽ ഒരു രാജ്യം കടന്നുപോകുന്ന സാന്പത്തിക ഉയർച്ചയിലേക്ക് വിരൽചൂണ്ടുന്ന പഠനം ഇക്കാലയളവിനുള്ളിൽ ലോകത്ത് എന്തു മാറ്റമാണ് സംഭവിക്കുകയെന്നും വിശദമാക്കുന്നുണ്ട്. അമേരിക്ക ഒഴികെ ഇപ്പോൾ വൻ സാന്പത്തികശക്തിയായി നിലകൊള്ളുന്ന രാജ്യങ്ങളെല്ലാം പട്ടികയിൽ ഏറ്റവും പിന്നിലാണുള്ളത്. മൂന്നാം സ്ഥാനത്താണ് അമേരിക്ക നിലകൊള്ളുന്നത്.

എന്നാൽ, ഈ രാജ്യങ്ങളുടെ സാന്പത്തിക പിന്നാക്കാവസ്ഥയുടെ കാരണങ്ങൾ പക്ഷേ പഠനത്തിൽ വിശദീകരിക്കുന്നില്ല. ഇന്തോനേഷ്യയാണ് നാലാം സ്ഥാനം പങ്കിടുന്നത്. ബംഗ്ലാദേശ്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ പട്ടികയിൽ ഇടം കണ്ടത്തെി എന്നതാണ് മറ്റൊരു വസ്തുത. പാക്കിസ്ഥാൻ പതിനാറാമതും ബംഗ്ലാദേശ് ഇരുപത്തിമൂന്നാമതുമാണ് നിലകൊള്ളുന്നത്. നെതർലൻഡ്സ് പട്ടികയിൽ മുപ്പത്തിരണ്ടാം സ്ഥാനത്താണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ