സ്വിസ് ആണവ റിയാക്റ്റർ: ജർമനിക്ക് ആശങ്ക
Tuesday, February 21, 2017 10:23 AM IST
ബെർലിൻ: ജർമൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്വിറ്റ്സർലൻഡിന്‍റെ ആണവ റിയാക്റ്റർ ആറു മാസത്തിനു ശേഷം പ്രവർത്തനം പുന:രാരംഭിക്കുകയും ഏഴു മണിക്കൂറിനുള്ളിൽ വീണ്ടും നിർത്തിവയ്ക്കുകയും ചെയ്തതിൽ ജർമനിക്ക് കടുത്ത ആശങ്ക.

റിയാക്റ്റർ പ്രവർത്തനം പുനരാരംഭിച്ചതും പിന്നീട് നിർത്തിവച്ചതും സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കണമെന്ന് ജർമൻ പരിസ്ഥിതി മന്ത്രി സ്വിസ് സർക്കാരിനോട് ഒൗദ്യോഗികമായി തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്.

വാതകങ്ങൾ പുറന്തള്ളുന്ന എക്സ്ഹോസ്റ്റ് സംവിധാനത്തിൽ തകരാറ് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പ്രവർത്തനം നിർത്തിവച്ചതെന്നാണ് സ്വിസ് അധികൃതർ പറയുന്നത്. ഇത് ആണവ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥലത്തായിരുന്നില്ലെന്നും പറയുന്നു.

2016 ഓഗസ്റ്റിലാണ് ലീബ്സ്റ്റാറ്റിലെ ആണവ നിലയം ആദ്യം അടച്ചിട്ടത്. അന്നത്തെ തകരാറ് പൂർണമായി പരിഹരിക്കപ്പെട്ടെന്നും ഇപ്പോഴത്തേതിന് അതുമായി ബന്ധമൊന്നുമില്ലെന്നുമാണ് വിശദീകരണം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ