അലുമിനിയം തവ പാവങ്ങളുടേതല്ല; നികുതി ഒഴിവാക്കാനാവില്ല: സർക്കാർ
Wednesday, February 22, 2017 8:41 AM IST
ബംഗളൂരു: അലുമിനിയം തവയ്ക്ക് (നോണ്‍സ്റ്റിക് തവ) വാറ്റ് നികുതിയിളവ് നല്കാനാവില്ലെന്ന് കർണാടക സർക്കാർ. നോണ്‍സ്റ്റിക് തവ പാവപ്പെട്ട ജനങ്ങളുടെ നിത്യോപയോവസ്തുവായി കണക്കാക്കാനാവില്ലെന്നു ചൂണ്ട ിക്കാട്ടിയാണ് സർക്കാർ ഉത്തരവിട്ടത്. നോണ്‍സ്റ്റിക് തവ സാധാരണക്കാർ ഉപയോഗിക്കുന്നതാണെന്നും അതിന് നികുതിയിളവ് നല്കണമെന്നും ആവശ്യപ്പെട്ട് നഗരത്തിലെ ഒരു വ്യാപാരസ്ഥാപനം നല്കിയ അപേക്ഷ പരിഗണിച്ചാണ് വാണിജ്യനികുതി വിഭാഗം ഉത്തരവ് പുറത്തിറക്കിയത്.

പ്രഷർ കുക്കർ ഒഴികെയുള്ള അലുമിനിയം ഗൃഹോപകരണങ്ങൾക്ക് നികുതിയിളവ് നല്കുമെന്ന മുഖ്യമന്ത്രിയുടെ ബജറ്റ് വാഗ്ദാനം ചൂണ്ട ിക്കാട്ടിയാണ് വ്യാപാരസ്ഥാപനം വിശദീകരണം തേടി വാണിജ്യനികുതി വിഭാഗത്തെ സമീപിച്ചത്. പാവപ്പെട്ടവർ ഉപയോഗിക്കുന്ന അലുമിനിയം ഉത്പന്നങ്ങളെ ഒഴിവാക്കുക എന്നതാണ് ബജറ്റിൽ ഉദ്ദേശിച്ചതെന്നും നോണ്‍സ്റ്റിക് ആവരണത്തോടു കൂടിയ അലുമിനിയം പാത്രങ്ങൾ പാവപ്പെട്ടവരുടെ ഉപയോഗവസ്തുവല്ലെന്നും വാണിജ്യവിഭാഗം കമ്മീഷണർ റിത്വിക് പാണ്ഡേ വിശദീകരണം നല്കി. 2008ൽ ഹോക്കിൻസ് കന്പനിയും കേരള സർക്കാരും തമ്മിൽ നടന്ന നിയമപോരാട്ടത്തിലെ സുപ്രീം കോടതി വിധിയും അദ്ദേഹം ചൂണ്ടിക്കാട്ടി. വാറ്റ് നിയമപ്രകാരം നോണ്‍സ്റ്റിക് ഉത്പന്നങ്ങൾക്ക് 5.5 ശതമാനം നികുതിയടയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.