മൂന്നു പേരെ കൊന്ന കാട്ടാനയെ പിടികൂടി
Friday, February 24, 2017 8:18 AM IST
ബംഗളൂരു: മൂന്നു കർഷകരെ കൊലപ്പെടുത്തിയ കാട്ടാനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കീഴടക്കി. ബംഗളൂരു റൂറൽ ജില്ലയിൽ നെലമംഗലയ്ക്കു സമീപത്തെ വനമേഖലയിൽ നിന്നാണ് ഐരാവത് എന്ന ആനയെ പിടികൂടിയത്. സോംപുരയ്ക്കു സമീപം രണ്ട ു കർഷകരെയും തുമകുരു ജില്ലയിലെ ഗുബ്ബിയിൽ ഒരാളെയും കൊലപ്പെടുത്തിയ ആനയെ ദിവസങ്ങൾ നീണ്ട പദ്ധതിയിലൂടെയാണ് പിടികൂടിയത്. നൂറോളം വനംവകുപ്പ് ജീവനക്കാരും 12 മൃഗാരോഗ്യ പ്രവർത്തകരും അഞ്ചു താപ്പാനകളും നെലമംഗലയിൽ തന്പടിച്ചിരുന്നു.

ആനയെ പിടികൂടാനായി നേരത്തെ വീരസാഗര വനമേഖലയിലാണ് സംഘം തന്പടിച്ചിരുന്നത്. ഇതിനിടെ കൊച്ചുഗൽ വീരഭദ്ര മലനിരകൾക്കു സമീപമുള്ള ഹൊസഹള്ളി തടാകക്കരയിൽ ഐരാവതിനെ കണ്ട തായി വിവരം ലഭിച്ചതോടെ സംഘം അവിടേക്കു നീങ്ങുകയായിരുന്നു. മൈസൂരുവിൽ നിന്നുള്ള പരിശീലനം ലഭിച്ച ആനകളായ അഭിമന്യു, ഗജേന്ദ്ര, ഭീമ, ഹർഷ, ദ്രോണ എന്നിവർ ഐരാവതിനെ വളഞ്ഞു. തുടർന്ന് വെറ്റിനേറിയൻ കെ.എസ്. ഉമാശങ്കറിന്‍റെ നേതൃത്വത്തിൽ ആനയ്ക്കു മയക്കുവെടി വച്ച് കീഴടക്കുകയായിരുന്നു. ഐരാവതിനെ ബന്നാർഘട്ട ദേശീയോദ്യാനത്തിലേക്കു മാറ്റി.

ബന്നാർഘട്ട ദേശീയോദ്യാനത്തിനും തുമകുരുവിനുമിടയിൽ നിന്ന് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ പിടിയിലായ നാലാമത്തെ ആനയാണ് ഐരാവത്. വനാതിർത്തി മേഖലയിലെ ജനജീവിതത്തിനു ഭീഷണിയായിരുന്ന എട്ടോളം ആനകളിൽ ഒന്നാണ് ഐരാവത്.