തടാകത്തിലെ തീപിടിത്തം: കാരണം തേടി ഹരിതട്രൈബ്യൂണൽ
Saturday, March 4, 2017 4:35 AM IST
ബംഗളൂരു: നഗരത്തിലെ ബെലന്ദുർ തടാകത്തിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ കാരണം തേടി ദേശീയ ഹരിത ട്രൈബ്യൂണൽ. സംഭവത്തിൽ സ്വമേധയാ നടപടിയെടുത്ത ട്രൈബ്യൂണൽ വിശദീകരണം ആവശ്യപ്പെട്ട് ബംഗളൂരു വികസന അതോറിറ്റിക്കും ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിനും നോട്ടീസ് നല്കി. തീപിടിത്തത്തിന്‍റെ കാരണം അന്വേഷിക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, പരിസ്ഥിതി വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആറംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് സർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിനു നല്കും. തീപിടിത്തം സംബന്ധിച്ച് ബിബിഎംപി, ബിഡിഎ, ബിഡബ്ല്യുഎസ്എസ്ബി എന്നിവർക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് അയച്ചിരുന്നു. തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ ആർ. ദവെ ഉത്തരവിടുകയും ചെയ്തു.

ഫെബ്രുവരി 16നാണ് തടാകത്തിൽ തീപിടിത്തമുണ്ടായത്. തടാകക്കരയിലേക്കും തീ വ്യാപിച്ചു. തടാകത്തിൽ അടിഞ്ഞുകൂടിയ രാസമാലിന്യങ്ങളാണ് തീപിടിത്തത്തിനു കാരണമെന്നാണ് വിലയിരുത്തൽ. തീപിടിത്തത്തെ തുടർന്നുണ്ട ായ വിഷപ്പുക സമീപപ്രദേശങ്ങളിലേക്കു വ്യാപിച്ചത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. പലർക്കും ആരോഗ്യപ്രശ്നങ്ങളുണ്ട ായി. സർജാപുർ റോഡിൽ വലിയ ഗതാഗതതടസവുമുണ്ടായി. തടാകത്തിനു സമീപം മാലിന്യങ്ങൾ കത്തിച്ചതാണ് തീപിടുത്തത്തിനു കാരണമെന്നാണ് സർക്കാരിന്‍റെ നിലപാട്. തടാകത്തിൽ നടത്തിയ പരിശോധനയിൽ രാസമാലിന്യം കണ്ടെ ത്തിയിരുന്നു. ഇതിന്‍റെ സാന്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. തടാകം മൂന്നു മാസത്തിനുള്ളിൽ നവീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.

ബംഗളൂരുവിലെ തടാകങ്ങൾ കടുത്ത മലിനീകരണ ഭീഷണിയാണ് നേരിടുന്നത്. ബെല്ലന്ദുർ അടക്കമുള്ള തടാകങ്ങളിൽ രാസമാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതു മൂലം വലിയ തോതിൽ പതഞ്ഞുപൊങ്ങുന്നത് പതിവായിരുന്നു. സമീപത്തെ വ്യവസായ ശാലകളിൽ നിന്നുള്ള രാസമാലിന്യങ്ങളും ഗാർഹിക മാലിന്യങ്ങളും തടാകങ്ങളിലേക്ക് ഒഴുക്കുന്നതാണ് ഇതിനു കാരണം. തടാകങ്ങൾ സംരക്ഷിക്കുന്നതിന്‍റെ ചുമതലയുള്ള ബംഗളൂരു കോർപറേഷൻ, ബംഗളൂരു വികസന അതോറിറ്റി, വാട്ടർ അതോറിറ്റി എന്നിവർ നടപടികൾ സ്വീകരിക്കാൻ തയാറാകാത്തതാണ് തടാകങ്ങളുടെ ശോച്യാവസ്ഥയ്ക്കു കാരണമെന്നാണ് ആരോപണം.