ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്ക് അടുത്ത ആഴ്ച തുടക്കം
Tuesday, March 21, 2017 8:12 AM IST
ലണ്ടൻ: ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്കു തുടക്കം കുറിക്കാൻ സമയമടുത്തു. ആർട്ടിക്കിൾ 50 അടുത്ത മാസം ട്രിഗർ ചെയ്യാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ തീരുമാനം. മാർച്ച് 29 നാണ് പ്രഖാപനം.

യുകെ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുന്നു എന്നുള്ള ഒൗദ്യോഗിക പ്രഖ്യാപനമാണിത്. ഇതിനായി യൂറോപ്യൻ കൗണ്‍സിലിന് ബ്രിട്ടീഷ് പ്രധാനമന്ത്രി കത്തു നൽകും. ഇതെത്തുടർന്നാണ് യൂണിയനിൽനിന്നുള്ള പിൻമാറ്റം സംബന്ധിച്ച ധാരണകൾ രൂപീകരിക്കാൻ ചർച്ച തുടങ്ങുക.

കത്തിനായി യൂറോപ്യൻ യൂണിയൻ തയാറെടുപ്പുകളോടെ കാത്തിരിക്കുകയാണെന്ന് യൂണിയൻ വക്താവ് അറിയിച്ചു. ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്കു തുടക്കം കുറിച്ച ശേഷം ബ്രിട്ടനിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. എന്നാൽ, പ്രധാനമന്ത്രിയുടെ വക്താവ് ഇതു നിഷേധിച്ചു.

നിശ്ചിത സമയക്രമം അനുസരിച്ച് കാര്യങ്ങൾ നീങ്ങിയാൽ 2019 മാർച്ചിൽ ബ്രിട്ടന്‍റെ യൂറോപ്യൻ യൂണിയൻ അംഗത്വം പൂർണമായി അവസാനിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ