നാസി പരാമർശങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തുർക്കിയുടെ പരിപാടികളെല്ലാം നിരോധിക്കും: മെർക്കൽ
Tuesday, March 21, 2017 8:12 AM IST
ബെർലിൻ: ജർമനിക്കെതിരേ നാസി പരാമർശങ്ങൾ തുടരുന്ന പ്രസിഡന്‍റ് എർദോഗൻ അടക്കമുള്ള തുർക്കി നേതാക്കൾക്ക് ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ ശക്തമായ മുന്നറിയിപ്പ്. ഈ രീതിയിലുള്ള ആരോപണങ്ങൾ തുടർന്നാൽ തുർക്കി ജർമനിയിൽ നടത്താനിരിക്കുന്ന മുഴുവൻ പ്രചാരണ പരിപാടികളും നിരോധിക്കുമെന്ന് അവർ വ്യക്തമാക്കി.

എങ്കിൽ, പക്ഷേ, എന്ന വാക്കുകൾക്കൊന്നും പ്രസക്തിയില്ല. ഇത്തരം അവഹേളനം പൂർണമായി അവസാനിപ്പിച്ചേ പറ്റൂ. ജർമനിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രചാരണ പരിപാടികൾക്കു നൽകിയിരുന്ന അനുമതി പുനഃപരിശോധിക്കാൻ ജർമനിക്കു പൂർണ അധികാരമുണ്ടെന്നും മെർക്കൽ പറഞ്ഞു.

ജർമനിയിലെ തുർക്കി വംശജരെ ഉദ്ദേശിച്ച്, ജനഹിത പരിശോധനയുടെ പ്രചാരണാർഥം നടത്താനിരുന്ന റാലി നിരോധിക്കപ്പെട്ടതാണ് തുർക്കി നേതാക്കളെ പ്രകോപിപ്പിച്ചത്. ജർമനിയുടെ നടപടി പഴയ നാസി കാലഘട്ടത്തിന്‍റെ ശേഷിപ്പാണെന്നുമായിരുന്നു എർദോഗന്‍റെ വിമർശനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ