അമ്മ കാന്‍റീൻ മാതൃകയിൽ ഭക്ഷണശാലകൾ
Thursday, March 23, 2017 5:44 AM IST
ബംഗളൂരു: തമിഴ്നാട്ടിലെ അമ്മ കാന്‍റീൻ മാതൃകയിൽ ബംഗളൂരുവിലും ഭക്ഷണശാലകൾ സ്ഥാപിക്കാൻ തീരുമാനം. പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം നല്കുക എന്ന ലക്ഷ്യത്തോടെയാണ് കർണാടക സർക്കാർ പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്. നമ്മ കാന്‍റീൻ എന്ന പേരിലുള്ള പദ്ധതി മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബജറ്റിന്‍റെ ഭാഗമായി പ്രഖ്യാപിച്ചത്. കോർപറേഷനിലെ 198 വാർഡുകളിലും നമ്മ കാന്‍റീനുകൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിക്കായി 100 കോടി രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്തു.

നമ്മ കാന്‍റീനുകൾ നിലവിൽ വന്നാൽ ജനങ്ങൾക്ക് അഞ്ചു രൂപയ്ക്ക് പ്രഭാതഭക്ഷണം കഴി്കാൻ സാധിക്കും. ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണത്തിന് പത്തു രൂപയായിരിക്കും നിരക്ക്. അതേസമയം, മറ്റു ജില്ലകളിലും കുറഞ്ഞ ചിലവിൽ ഭക്ഷണം നല്കാൻ പദ്ധതികൾ തയാറാക്കുന്നുണ്ട ്. സവിരുചി എന്ന പേരിൽ സ്വയംസഹായസംഘങ്ങളുടെ സഹായത്തോടെ വിവിധയിടങ്ങളിൽ മൊബൈൽ റസ്റ്ററന്‍റുകൾ ആരംഭിക്കാനാണ് തീരുമാനം.