ജർമനിയിൽ ജൂലൈ ഒന്നു മുതൽ പെൻഷൻ വർധനവ്
Thursday, March 23, 2017 5:58 AM IST
ബെർലിൻ: ജർമനിയിൽ പെൻഷൻ 2017 ജൂലൈ മുതൽ വീണ്ടും വർധിപ്പിക്കുന്നു. പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ പെൻഷൻ തുകയുടെ വർധനവ് 1.9 ശതമാനവും കിഴക്കൻ സംസ്ഥാനങ്ങളിലെ വർധനവ് 3.59 ശതമാനവുമാണ്. ഇതനുസരിച്ച് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ 1000 യൂറോ പെൻഷൻ ലഭിക്കുന്ന ഒരാൾക്ക് 19 യൂറോ കൂടുതലും കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത് 35.90 യൂറോ കൂടുതലും ലഭിക്കും. പുതിയ വർധനവിൽ കിഴക്കൻ സംസ്ഥാനങ്ങളിലെ പെൻഷൻ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ പെൻഷൻ തുകയുടെ 95.7 ശതമാനമായി ഉയർത്തി. ഇതിനു മുന്പ് കഴിഞ്ഞവർഷം ജൂലൈ ഒന്നു മുതലാണ് പെൻഷൻ വർധിപ്പിച്ചത്.

2018 ൽ കിഴക്കൻ സംസ്ഥാനങ്ങളിലെ പെൻഷൻ തുക പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ പെൻഷൻ തുകയും ഒന്നായിരിക്കുമെന്ന് ജർമൻ സോഷ്യൽ മിനിസ്റ്റർ അൻഡ്രിയാ നോളസ് പറഞ്ഞു. ജർമനിയിലെ ആദ്യകാല പ്രവാസികളിൽ 95 ശതമാനത്തിലേറെപേർക്ക് വർധനവ് ഗുണം ചെയ്യും. പെൻഷനായ ശേഷം വീട്ടിൽ പാർട്ട്ടൈം ജോലി ചെയ്യുന്നവർക്ക് ജോലി ചെയ്യുന്ന മുറിയുടെ ചെലവ് നികുതി ഇളവായി ലഭിക്കും. പക്ഷെ ജോലിയിൽ നിന്നും വരുമാനം ഉണ്ടായിരിക്കണമെന്നു മാത്രം.

റിപ്പോർട്ട്: ജോർജ് ജോണ്‍