ബംഗളൂരു- ഹാസൻ പാതയിൽ ട്രെയിൻ ഓടിത്തുടങ്ങി
Wednesday, March 29, 2017 8:16 AM IST
ബംഗളൂരു: നീണ്ട 21 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബംഗളൂരുവിനെയും (യശ്വന്തപുര) ഹാസനെയും ബന്ധിപ്പിക്കുന്ന ബ്രോഡ്ഗേജ് പാതയിലൂടെ ആദ്യട്രെയിൻ ഓടി. പാതയുടെ ഉദ്ഘാടനവും യശ്വന്തപുര- ഹാസൻ പ്രതിദിന സൂപ്പർഫാസ്റ്റ് ഇന്‍റർസിറ്റി എക്സ്പ്രസിന്‍റെ (22679/22680) ഫ്ളാഗ്ഓഫും രാവിലെ 11ന് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു നിർവഹിച്ചു. യശ്വന്തപുര മുതൽ ഹാസൻ വരെയാണ് ഉദ്ഘാടന സർവീസ്. ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ജനതാദൾ-എസ് ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ എന്നിവർ പങ്കെടുത്തു.

പാതയിലൂടെയുള്ള സ്ഥിരം സർവീസുകൾ നാളെ മുതൽ നടക്കും. ചിക്കബാണവാര, നെലമംഗല, കുനിഗൽ, യെദിയൂരു, ബിജി നഗർ, ശ്രാവണബെലഗോള, ചന്നരായപട്ടണ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. ഹാസനിൽ നിന്ന് രാവിലെ 6.30ന് പുറപ്പെടുന്ന ഹാസൻ- യശ്വന്തപുര പ്രതിദിന സൂപ്പർഫാസ്റ്റ് ഇന്‍റർസിറ്റി എക്സ്പ്രസ് (22680) രാവിലെ 9.15ന് യശ്വന്തപുരത്തെത്തും. എതിർദിശയിൽ വൈകുന്നേരം 6.15ന് യശ്വന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി ഒന്പതിന് ഹാസനിലെത്തും.

14 കോച്ചുകളാണ് ട്രെയിനിനുള്ളത്. ഇവയിൽ നാലു സെക്കൻഡ് ക്ലാസ് ചെയർ കാർ കോച്ചുകൾ, എട്ട് ദീൻദയാലു കോച്ചുകൾ, രണ്ട് സെക്കൻഡ് ക്ലാസ് ലഗേജ്-കം- ബ്രേക്ക് വാൻ/ ഡിസേബിൾഡ് കോച്ചുകൾ എന്നിവയാണുള്ളത്. പുതിയ പാതയെത്തുന്നതോടെ ബംഗളൂരു-ഹാസൻ ട്രെയിൻ യാത്രയ്ക്ക് 50 കിലോമീറ്റർ ദൂരമാണ് കുറയുന്നത്. 1289.92 കോടി രൂപയാണ് പാതയുടെ നിർമാണചെലവ്.