സംസ്ഥാനത്തെ ആദ്യ കുടൽമാറ്റ ശസ്ത്രക്രിയ വിജയം
Monday, April 10, 2017 7:28 AM IST
ബംഗളൂരു: കർണാടകയിലെ ആദ്യ കുടൽമാറ്റ ശസ്ത്രക്രിയ ബംഗളൂരു അപ്പോളോ ആശുപത്രിയിൽ നടന്നു. കുടലിലെ അപൂർവരോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന ദാവൻഗരെ സ്വദേശി വെങ്കടേഷാണ് അപൂർവശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്. ഡോ. മഹേഷ് ഗോപഷെട്ടിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്കമരണം സംന്ധവിച്ച ഒരാളുടെ അവയവമാണ് നാൽപ്പത്തിയഞ്ചുകാരനായ വെങ്കടേഷിൽ മാറ്റിവച്ചത്.

ഫാക്ടറി ജീവനക്കാരനായ വെങ്കടേഷിനെ ഒൻപതു മാസം മുന്പാണ് കടുത്ത വയറുവേദനയെ തുടർന്ന് ഉഡുപ്പിയിലെ ആശുപത്രിയിലേക്കു മാറ്റിയത്. വിദഗ്ധപരിശോധനയിൽ വെങ്കടേഷിന് കുടലിനെ ബാധിക്കുന്ന അപൂർവമായ ഇന്‍റെസ്റ്റിനൽ ഇസ്കെമിയ എന്ന അസുഖമാണെന്ന് മനസിലായി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. മഹേഷിന്‍റെ ആരോഗ്യം വഷളായതിനെ തുടർന്ന് ഒൻപതു മാസം കാത്തിരുന്ന ശേഷമാണ് ശസ്ത്രക്രിയ നടത്താനായത്.