ബോറൂസിയ ടീം ബസ് ആക്രമണത്തിനു ഭീകര ബന്ധമില്ല
Monday, April 24, 2017 8:18 AM IST
ബെർലിൻ: ബോറൂസിയ ഡോർട്ട്മുണ്‍ഡ് ഫുട്ബോൾ ടീമിന്‍റെ ബസിനു നേരേ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ക്ലബിന്‍റെ ഓഹരി വില ഇടിക്കുകയും ഇതുവഴി ലാഭമുണ്ടാക്കുകയുമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് സൂചന. ഇതിനായി ഇയാൾക്ക് നാല് മില്യണ്‍ യൂറോ വാഗ്ദാനം ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ഇരുപത്തെട്ടുകാരനായ ജർമൻ പൗരത്വമുള്ള റഷ്യൻ വംശജൻ സെർഗെജ് ആണ് അറസ്റ്റിലായിരിക്കുന്നത്. ഏപ്രിൽ 11ന് നടത്തിയ ആക്രമണത്തിൽ സ്പാനിഷ് താരം മാർക്കസ് ബാർട്രയ്ക്കു പരുക്കേറ്റിരുന്നു. ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിനു പുറപ്പെടുന്പോഴാണ് മൂന്ന് സ്ഫോടനങ്ങളുണ്ടായത്. ബസിനു പുറത്ത് ഒരു പോലീസുകാരന് ചെവിക്കും പരിക്കേറ്റിരുന്നു.

കൊലപാതക ശ്രമം, സ്ഫോടനം, പരുക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ടീം താമസിച്ചിരുന്ന ഹോട്ടലിൽ തന്നെ മുറിയെടുത്താണ് ഇയാൾ പദ്ധതി തയാറാക്കിയതെന്നും വ്യക്തമായി.

ബോറൂസിയ ഡോർട്ട്മുണ്‍ഡ് ടീം ബസിനു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് പുറത്തുവന്ന മൂന്നാമത്തെ അവകാശവാദം സംബന്ധിച്ചും പോലീസ് അന്വേഷണിലാണ് ഇപ്പോൾ അറസ്റ്റു നടന്നിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ സ്പാനിഷ് താരം മാർക്കസ് ബാർട്രയ്ക്കു പരിക്കേറ്റിരുന്നു. ലോഹക്കഷണങ്ങൾ നിറച്ച മൂന്നു ബോംബുകളാണ് ബസിനെ ലക്ഷ്യമാക്കി പൊട്ടിത്തെറിച്ചത്. മൊണാക്കോയ്ക്കെതിരായ ചാംപ്യൻസ് ലീഗ് മത്സരത്തിനായുള്ള യാത്ര പുറപ്പെടുകയായിരുന്നു ബോറൂസിയ ടീം അംഗങ്ങൾ.

നേരത്തെ, ഇസ് ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണമാണെന്ന് അവകാശപ്പെടുന്ന കത്തുകൾ കിട്ടിയിരുന്നെങ്കിലും ഇവയുടെ ആധികാരികത തെളിയിക്കാനായിട്ടില്ല. ഇതിനിടെ, സൈന്യത്തിന്‍റെ ശേഖരത്തിൽനിന്നുള്ള ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന വാർത്തയും പരന്നിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ