യൂറോപ്പിന്‍റെ ചരിത്രപരമായ പുനഃസംഘടന അനിവാര്യം: മാക്രോണ്‍
Tuesday, May 16, 2017 7:55 AM IST
ബർലിൻ: വലതുപക്ഷ അതിപ്രസരത്തെയും തീവ്ര ദേശീയ വാദത്തെയും ചെറുക്കാൻ യൂറോപ്പിന്‍റെ ചരിത്രപരമായ പുനഃസംഘടന അനിവാര്യമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍. പ്രസിഡന്‍റായ ശേഷമുള്ള ആദ്യ ജർമൻ സന്ദർശനത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അഭിപ്രായപ്രകടനം.

യൂറോപ്യൻ യൂണിയൻ ശക്തിപ്പെടുത്തുന്ന കാര്യത്തിൽ ജർമനിക്കും ഫ്രാൻസിനും ഏകാഭിപ്രായമെന്ന് സംയുക്ത വാർത്താ സമ്മേളനത്തിൽ ജർമൻ ചാൻസലർ അംഗല മെർക്കലും വ്യക്തമാക്കി. ഫ്രാൻസ് ശക്തമായി നിൽക്കുക എന്നത് യൂറോപ്യൻ യൂണിയന് അനിവാര്യമാണ്. ബ്രെക്സിറ്റിനെ നേരിടുക മാത്രമല്ല യൂറോപ്യൻ യൂണിയനെ പൊതുവിൽ ശക്തിപ്പെടുത്തുക എന്നതും അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

യൂറോപ്യൻ യൂണിയൻ ഉടന്പടികൾ പ്രായോഗികമാക്കുന്നതിനുള്ള സൗകര്യത്തിന് അനുസരിച്ച് ഭേദഗതികൾ വരുത്താവുന്നതാണെന്നും പുനഃസംഘടന സംബന്ധിച്ച മാക്രോണിന്‍റെ അഭിപ്രായത്തോട് മെർക്കൽ പ്രതികരിച്ചു. യുക്തിസഹമാണെങ്കിൽ ഉടന്പടികൾ ഭേദഗതി ചെയ്യുന്നതിൽ തെറ്റില്ലെന്നാണ് ജർമനിയുടെ പക്ഷമെന്നും മെർക്കൽ.

ജർമനിയിലെ ഭരണാധികാരികളിൽനിന്നും ജനങ്ങളിൽനിന്നും വളരെ ഉൗഷ്മളമായ സ്വീകരണമാണ് മാക്രോണിനു ലഭിച്ചത്.

യൂറോസോണ്‍ പുനനഃസംഘടന: മാക്രോണിനോട് യൂണിയന് എതിർപ്പ്

യൂറോസോണിന് കൂടുതൽ പരമാധികാരം ഉറപ്പാക്കുന്ന തരത്തിലുള്ള പരിഷ്കാരങ്ങൾ ആവശ്യമാണെന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ അഭിപ്രായ പ്രകടനത്തോട് യൂറോപ്യൻ കമ്മിഷൻ മേധാവി ഴാങ് ക്ലോദ് ജുങ്കർക്ക് എതിർപ്പ്.

യൂറോപ്യൻ യൂണിയന്‍റെ സ്ഥാപനത്തിന് അടിസ്ഥാനമായ ഉടന്പടിയിൽ തന്നെ മാറ്റം വരുത്താതെ മാക്രോണ്‍ പറയുന്ന തരത്തിലുള്ള ഭേദഗതികൾ സാധ്യമാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഉടന്പടികളിൽ അടക്കം യൂണിയനിൽ ഘടനാപരമായ മാറ്റങ്ങൾ വേണമെന്നാണ് ജർമൻ സന്ദർശനത്തിൽ മാക്രോണ്‍ വ്യക്തമാക്കിയത്.

യൂറോസോണിനു മാത്രമായി പ്രത്യേകം പാർലമെന്‍റും ധനമന്ത്രിയും ബജറ്റും വേണമെന്ന അദ്ദേഹത്തിന്‍റെ നിർദേശത്തോടാണ് ജങ്കർ പ്രതികരിച്ചിരിക്കുന്നത്. 28 അംഗരാജ്യങ്ങളുടെയും പിന്തുണയില്ലാതെ ഉടന്പടിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും ജങ്കർ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്പ് നേരിടുന്ന പ്രതിസന്ധികൾ കണക്കിലെടുക്കുന്പോൾ, ഉടന്പടികളിൽ മാറ്റം വരുത്തുന്നത് ഇപ്പോൾ പ്രായോഗികമല്ലെന്നാണ് ജർമൻ വിദേശ മന്ത്രാലയ വക്താവ് മാർട്ടിൻ ഷേഫർ അഭിപ്രായപ്പെട്ടത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍