ലൗട്ടൻ നഗരസഭാ മേയറായി മലയാളി ഫിലിപ്പ് എബ്രഹാം ചുമതലയേറ്റു
Thursday, May 18, 2017 8:02 AM IST
ലൗട്ടൻ: മലയാളിയായ ഫിലിപ്പ് എബ്രഹാം ലൗട്ടണ്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു വർഷമായി ഡപ്യൂട്ടി മേയറായി സേവനമനുഷ്ടിച്ചു വരുകയായിരുന്നു അദ്ദേഹം. ലൗട്ടൻ റെസിഡന്‍റ്സ് അസോസിയേഷന്‍റെ പ്രതിനിധിയായി 2012ലാണ് അദ്ദേഹം ആദ്യമായി കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. 2016ൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

യുകെയിലെ വിവിധ ഇന്ത്യൻ സംഘടനകളുമായി അടുത്തു പ്രവർത്തിക്കുന്നയാളാണ് ഫിലിപ്പ് എബ്രഹാം. യുകെ കേരള ബിസിനസ് ഫോറത്തിന്‍റെ സ്ഥാപകനും ബ്രിട്ടീഷ് സൗത്ത് ഇന്ത്യൻ കൗണ്‍സിൽ ഓഫ് കൊമേഴ്സിന്‍റെ സഹസ്ഥാപകനുമാണ്. കേരള ലിങ്ക് എന്ന പേരിൽ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കുന്ന മാഗസിന്‍റെ സ്ഥാപകനും എഡിറ്ററുമാണ്.

എസക്സിലെ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റിൽ ഏറ്റവും ജനസംഖ്യയുടെ പട്ടണമാണ് ലൗട്ടണ്‍. ആൽഡർട്ടണ്‍ വാർഡിനെയാണ് ഫിലിപ്പ് എബ്രഹാം പ്രതിനിധീകരിക്കുന്നത്. കണ്‍സർവേറ്റീവ് പാർട്ടിയുടെ പിന്തുണയിലാണ് ഫിലിപ്പ് കൗണ്‍സിലറായതും ഇപ്പോൾ മേയറായി തെരഞ്ഞെടുക്കപ്പെട്ടതും.

പത്തനംതിട്ട വയലത്തല പള്ളിയ്ക്കൽ കുടുംബാംഗമായ ഫിലിപ്പ് 1972 ൽ ഉപരിപഠനത്തിനായിട്ടാണ് ലണ്ടനിൽ എത്തിയത്. വയലത്തല കുഴിയംമണ്ണിൽ പരേതരായ പി.പി.എബ്രഹാമിന്‍റെയും കുഞ്ഞൂഞ്ഞമ്മയുടെയും മകനാണ് ഫിലിപ്പ്. ചെറുകോൽ ഗ്രാമപഞ്ചായത്ത് മുൻവൈസ് പ്രസിഡന്‍റ് സുനിൽ പള്ളിയ്ക്കൽ സഹോദരനാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍