യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തിൽ സെഞ്ചുറി കടന്നു
Friday, May 19, 2017 7:33 AM IST
ലണ്ടൻ: യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തിൽ സെഞ്ചുറി കടന്നു. ’നൂറോളം അംഗ അസോസിയേഷനുകൾ’ എന്ന പല്ലവി, ന്ധനൂറിലധികം അംഗ അസോസിയേഷനുകൾന്ധ എന്നായി മൊഴിമാറുന്നു. ലോക പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ സംഘടന എന്ന ഖ്യാതി ഇനി യുക്മക്ക് സ്വന്തം.

മാർച്ച് 6ന് തിങ്കളാഴ്ച മുതൽ ഏപ്രിൽ പത്തു തിങ്കൾ വരെയുള്ള അഞ്ചാഴ്ചക്കാലം യുക്മ ’മെന്പർഷിപ് ക്യാന്പയിൻ’ ആയി ആചരിക്കുകയായിരുന്നു. ആവേശകരമായ പ്രതികരണമാണ് ക്യാന്പയിനു ലഭിച്ചത്. ഇരുപതോളം അസോസിയേഷനുകൾ പ്രസ്തുത കാലയളവിൽ അംഗത്വ അപേക്ഷകൾ സമർപ്പിക്കുകയുണ്ടായി. ഒപ്പം ചില സാങ്കേതിക കാരങ്ങളാൽ മാറ്റിവയ്ക്കപ്പെട്ട മുൻകാല അപേക്ഷകളും കഴിഞ്ഞ ദേശീയ നിർവാഹക സമിതി യോഗം പാസാക്കിയിരുന്നു.

ആദ്യ ഘട്ടം എന്നനിലയിൽ ഒൻപത് അസോസിയേഷനുകളുടെ അംഗത്വമാണ് പ്രഖ്യാപിക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് എന്നിവർ അറിയിച്ചു. യുക്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട ചില നിബന്ധനകളുടെ വെളിച്ചത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമായ അപേക്ഷകളാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിക്കുവാൻ സാധിക്കാതെ വന്നത്. പ്രസ്തുത അപേക്ഷകളിൽ എത്രയും വേഗം തീരുമാനമെടുത്തു രണ്ടാം ഘട്ടമായി ഉടൻ പ്രഖ്യാപനം ഉണ്ടാകുന്നതാണ്.

കഴിഞ്ഞ ദേശീയ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്പോൾ തൊണ്ണൂറ്റി ഒൻപത് അംഗ അസ്സോസ്സിയേഷനുകളാണ് യുക്മക്ക് ഉണ്ടായിരുന്നത്. പലവിധത്തിലുള്ള തടസവാദങ്ങളും മറികടന്ന് ഒൻപത് പുതിയ അസ്സോസിയേഷനുകളെ യുക്മയിലേക്ക് പ്രവേശിപ്പിക്കുവാൻ കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ കഴിഞ്ഞിരുന്നു. സാങ്കേതികത്വങ്ങളുടെ പേരുപറഞ്ഞു യുകെയിലെ മലയാളി അസോസിയേഷനുകൾക്ക് യുക്മയെന്ന ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമാകുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തുന്ന സ്ഥിതിവിശേഷം ഉണ്ടാകുവാൻ പാടില്ലെന്ന ഉറച്ച നിലപാടുതന്നെയാണ് മാമ്മൻ ഫിലിപ്പ് നേതൃത്വം നൽകുന്ന പുതിയ ദേശീയ ഭരണസമിതിയും തുടരുന്നത്.

ഹെരിഫോർഡ് മലയാളി അസോസിയേഷനാണ് യുക്മയിലെ മറ്റൊരു നവാഗത അംഗം. മിഡ്ലാൻഡ്സ് റീജിയണിലൂടെ യുക്മയിലെത്തിയിരിക്കുന്ന ഹെരിഫോർഡ് അസോസിയേഷന്‍റെ പ്രസിഡന്‍റ് ഷിനോയ് കൊച്ചുമുട്ടവും സെക്രട്ടറി മെൽബിൻ തോമസുമാണ്. ഈസ്റ്റ് ആംഗ്ലിയ റീജിയണിലേക്കും രണ്ട് പുതിയ അസോസിയേഷനുകൾ കടന്നുവന്നിട്ടുണ്ട്. ജോണ്‍സി സാംകുട്ടി പ്രസിഡന്‍റും അനിൽ സാം സെക്രട്ടറിയുമായുള്ള ഹാർലോ മലയാളി അസോസിയേഷനും, ജോണ്‍ കെ ജോണ്‍ പ്രസിഡന്‍റും അജിത് ഭഗീരഥൻ സെക്രട്ടറിയുമായുള്ള എഡ്മണ്ടൻ മലയാളി അസോസിയേഷനും.