സീറോ മലബാർ കമ്മ്യൂണിറ്റി ദിനം മേയ് 28ന് ഞായറാഴ്ച
Friday, May 19, 2017 8:01 AM IST
സൂറിച്ച്. വർഷങ്ങളായി സ്വിറ്റ്സർലാൻഡിലെ സിറോ മലബാർ വിശ്വാസി സമൂഹം ആചരിച്ചു വരുന്ന സീറോ മലബാർ കമ്മ്യൂണിറ്റി ദിനം മേയ് 28ന് ഞായറാഴ്ച സൂറിച്ചിൽ വച്ചു നടത്തപ്പെടും. ഈ വർഷത്തെ സഭാദിനം സൂറിച്ച് സെന്‍റ് തെരേസ ദേവാലയത്തിൽ ബിഷപ്പ് മാർ പ്രിൻസ് പനങ്ങാടിന്‍റെ (ആദിലാബാദ് രൂപതാ മെത്രാൻ ) മുഖ്യ കാർമികത്വത്തിൽ ആഘോഷിക്കുന്നു. ഞായറാഴ്ച ഉച്ചകഴിഞ് മൂന്നിന് ആഘോഷമായ പാട്ടുകുർബാനയോടുകൂടിയ സമൂഹബലിയോടെ ആഘോഷങ്ങൾക്ക് നാന്ദി കുറിക്കും. വൈകിട്ട് 5:30നു പൊതുസമ്മേളനവും 6നു കലാപരിപാടികൾക്കു ശേഷം സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കമ്മ്യൂണിറ്റി ദിനത്തിൽ ഈ വർഷം വിവാഹ ജീവിതത്തിന്‍റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന ദന്പതിമാരെ ആദരിക്കുന്നതും ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുഞ്ഞുങ്ങളെ അനുമോദിക്കുന്നതുമാണ്. വിശ്വാസ പാരന്പര്യത്തിന്‍റെ തനിമ നിലനിർത്തിക്കൊണ്ടുള്ള സഭാദിനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലയിൻ ഫാ.തോമസ് പ്ലാപ്പള്ളിൽ (തോമസച്ചൻ ) അറിയിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ