കർണാടക ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് അംഗീകാരം തിരിച്ചുകിട്ടാൻ സാധ്യത
Wednesday, June 28, 2017 1:24 AM IST
ബംഗളൂരു: ക്രമക്കേടുകളെ ത്തുുടർന്ന് കർണാടക ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് നഷ്ടമായ യുജിസി അംഗീകാരം ഉടൻ തിരിച്ചുകിട്ടുമെന്ന് സൂചന. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിലെയും യുജിസിയിലെയും ഉന്നത ഉദ്യോഗസ്ഥർ സർവകലാശാല അധികൃതരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

ചർച്ചയിൽ സർവകലാശാലയ്ക്ക് അനുകൂലമായ സമീപനമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ 201718 അധ്യയനവർഷത്തിലേക്കുള്ള പ്രവേശനം നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015 ജൂണിലാണ് സർവകലാശാലയുടെ അംഗീകാരം യുജിസി എടുത്തുകളഞ്ഞത്. അംഗീകാരം നഷ്ടമായ ശേഷം ആദ്യമായാണ് മാനവവിഭവശേഷി മന്ത്രാലയം യുജിസിയെയും സർവകലാശാല അധികൃതരെയും ചർച്ചയ്ക്കു വിളിക്കുന്നത്.

മന്ത്രാലയം സെക്രട്ടറി, ജോയിൻറ് സെക്രട്ടറി, യുജിസി സെക്രട്ടറി, കർണാടക അഡീഷണൽ ചീഫ് സെക്രട്ടറി രത്നപ്രഭ, സർവകലാശാല വൈസ് ചാൻസലർ ശിവലിംഗയ്യ, രജിസ്ട്രാർ ചന്ദ്രശേഖർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.