സ്വിറ്റ്സർലാൻഡിലെ വിന്‍റർത്തൂറിൽ ജൂലൈ രണ്ടിന് ദുക്റാന തിരുന്നാൾ
Wednesday, June 28, 2017 7:59 AM IST
സൂറിച്ച്: സിറോ മലബാർ സഭയുടെ പിതാവായ തോമാശ്ലീഹായുടെ രക്തസാക്ഷിദിനമായ ജൂലൈ രണ്ടിന് സ്വിറ്റ്സർലാൻഡിലെ വിശ്വാസ സമൂഹം വലിയ പെരുന്നാളായി ആഘോഷിക്കുന്നു. സെന്‍റ് തോമസ് ദിനമെന്നും ദുക്റാന പെരുന്നാളെന്നും അറിയപ്പെടുന്ന വലിയ പെരുന്നാളാണ് സുറിയാനി ക്രിസ്ത്യാനികൾക്ക് ജൂലൈ രണ്ട്. ഞായറാഴ്ച വൈകുന്നേരം നാലരയ്ക്ക് വിന്‍റർത്തൂർ സെന്‍റ്ലൗറന്തിയോസ് ദേവാലയത്തിൽ വച്ചു പെരുന്നാൾ ആഘോഷങ്ങൾ നടക്കും. ( St.Lauranthius Kirche; Wulfinger strasse 181, 8408 Winterthur)

ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യ കാർമികത്വം (അപ്പസ്റ്റോലിക് വിസിറ്റെറ്റർ) വഹിക്കും. ആഘോഷമായ പാട്ടുകുർബാനയോടെ തിരുന്നാൾ കർമ്മങ്ങൾക്ക് തുടക്കമാകും. സമൂഹബലിയെത്തുടർന്ന് വിശുദ്ധന്‍റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. ശേഷം സ്നേഹവിരുന്നും പള്ളി കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

ദുക്റാന തിരുന്നാളിന്‍റെ ബലിയർപ്പണത്തിലും തുടർന്നുള്ള പ്രദക്ഷിണത്തിലും പങ്കെടുക്കുവാൻ എല്ലാ സെന്‍റ് തോമാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സീറോ മലബാർ ഇടവക ചാപ്ലയിൻ ഫാ.തോമസ് പ്ലാപ്പള്ളിൽ അറിയിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ