റെയിൽവേ സ്റ്റേഷനുകളിൽ ഒല കൗണ്ടറുകൾ വരുന്നു
Wednesday, July 12, 2017 1:01 AM IST
ബംഗളൂരു: പ്രമുഖ ഓണ്‍ലൈൻ ടാക്സി സേവനദാതാക്കളായ ഒലയുടെ കൗണ്ടറുകൾ റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിക്കുന്നു. നഗരത്തിലെ 12 സ്റ്റേഷനുകളിൽ കൗണ്ടറുകൾ സ്ഥാപിക്കാൻ സൗത്ത് വെസ്റ്റേണ്‍ റെയിൽവേയുമായി മൂന്നു വർഷത്തെ കരാറിന് ധാരണയായി.

മജെസ്റ്റിക്, കൻറോണ്‍മെൻറ്, യശ്വന്ത്പുര, കൃഷ്ണരാജപുരം, യെലഹങ്ക, കെങ്കേരി, ഹെബ്ബാൾ, ബംഗളൂരു ഈസ്റ്റ്, ബാസനവാഡി, വൈറ്റ് ഫീൽഡ്, ബൈയപ്പനഹള്ളി, മല്ലേശ്വരം എന്നീ സ്റ്റേഷനുകളിലാണ് ഒല കൗണ്ടറുകൾ എത്തുന്നത്. സ്റ്റേഷനുകളിൽ ട്രെയിനിറങ്ങുന്ന യാത്രക്കാർക്ക് ഒല കൗണ്ടറുകളിൽ നേരിട്ടെത്തി ടാക്സികൾ ബുക്ക് ചെയ്യാം. രണ്ടു മിനിറ്റിനുള്ളിൽ ടാക്സി ലഭ്യമാക്കുമെന്നാണ് കന്പനിയുടെ വാഗ്ദാനം. ഇതിനായി സ്റ്റേഷനുകൾക്ക് സമീപം ഒല ടാക്സികൾക്കായി പ്രത്യേക പാർക്കിംഗ് ഗ്രൗണ്ടും ഒരുക്കുന്നുണ്ട്. ഒലയുടെ മൊബൈൽ ആപ്പ് ഇല്ലാത്തവർക്കും കൗണ്ടറിൽ നിന്ന് ടാക്സി ബുക്ക് ചെയ്യാനാകുമെന്നതാണ് പ്രത്യേകത. രാജ്യത്ത് ആദ്യമായാണ് റെയിൽവേ സ്റ്റേഷനുകളിൽ ഒല കൗണ്ടറുകൾ ആരംഭിക്കുന്നതെന്ന് കന്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിശാൽ കൗൾ പറഞ്ഞു.