മാഫിയയുടെ അദൃശ്യ സാന്നിധ്യം ജർമനിയിൽ വ്യാപകം
Friday, July 14, 2017 8:01 AM IST
ബർലിൻ: ജർമനിയിൽ മാഫിയ സംഘങ്ങളുടെ പ്രവർത്തനം പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും വ്യാപകമായി തുടരുകയാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്തെ ഏറ്റവും വലിയ മാഫിയ അക്രമം കഴിഞ്ഞു പത്തു വർഷത്തിനുശേഷം ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ.

ജർമനിയിൽനിന്നും ഇറ്റലിയിൽ നിന്നുമുള്ള ഗവേഷകരും രാഷ്ട്രീയ നേതാക്കളുമാണ് യോഗത്തിൽ പങ്കെടുത്തത്. ഇത്തരം ആസൂത്രിതമായ, സംഘം ചേർന്നുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ തടയാനുള്ള മാർഗങ്ങൾ ആലോചിക്കുന്നതിനായിരുന്നു യോഗം.

പ്രത്യക്ഷത്തിൽ കഫേയോ മ്യൂസിക് - ഡാൻസ് ക്ലബ്ബുകളോ മറ്റോ നടത്തുന്ന വ്യാജേനയാണ് മാഫിയകളുടെ പ്രവർത്തനം. റിയൽ എസ്റ്റേറ്റുകളിലും റെസ്റ്ററന്‍റുകളിലുമാണ് അവർ ഏറ്റവും കൂടിതൽ നിക്ഷേപം നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

കൊലപാതകങ്ങളും കൂട്ടക്കൊലകളുമല്ല ഇന്നവർ അധികം ചെയ്യുന്നത്. നേരിട്ടുള്ള അക്രമങ്ങൾ കുറച്ച് മറ്റു നിയമ വിരുദ്ധ പ്രവർത്തനങ്ങളിലാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യോഗം വിലയിരുത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ