യുക്മ വള്ളം കളി മത്സരം 29ന്, കൂടുതൽ സൗകര്യങ്ങളുമായി റഗ്ബിയിലെ ഡ്രേക്കോട്ട് വാട്ടർ
Monday, July 17, 2017 5:52 AM IST
ലണ്ടൻ: യുകെയിലെ മലയാളികൾ ആകാംഷാപൂർവം കാത്തിരിക്കുന്ന പ്രഥമ വള്ളംകളി മത്സരത്തിനോടൊപ്പം കാണികൾക്കായി ഒരു ദിവസം മുഴുവനായും കുടുംബമായി ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രത്യേക സൗകര്യങ്ങൾ സംഘാടകർ ഉറപ്പാക്കികഴിഞ്ഞു. ജൂലൈ 29ന് (ശനി) റഗ്ബിയിലെ ഡ്രേക്കോട്ട് വാട്ടറിൽ നടക്കുന്ന വള്ളംകളി മത്സരത്തിൽ പങ്കെടുക്കാനെത്തുന്ന ടീമുകൾക്കും ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരം കാണുന്നതിനുമായി എത്തിച്ചേരുന്നവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലുള്ള സജീകരണങ്ങളാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് സ്വാഗതസംഘം ചെയർമാൻ മാമ്മൻ ഫിലിപ്പ്, ചീഫ് ഓർഗനൈസർ റോജിമോൻ വർഗീസ് എന്നിവർ അറിയിച്ചു.

യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 22 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാനായി എത്തിച്ചേരുന്നത്. ഇംഗ്ലണ്ടിൽ നിന്നുള്ള ടീമുകൾക്കൊപ്പം വെയിൽസിൽ നിന്നും സ്കോട്ട്ലൻഡിൽ നിന്നുമുള്ള ടീമുകളും മത്സരത്തിൽ മാറ്റുരയ്ക്കും.

650 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന റഗ്ബിയിലെ ഡ്രേക്കോട്ട് വാട്ടറിലാണ് വള്ളംകളി മത്സരം അരങ്ങേറുന്നത്. 5 മൈൽ ദൈർഘ്യമുള്ള റോഡ് ഈ തടാകത്തിന് ചുറ്റിലുമുണ്ട്. ഏറ്റവും ശ്രദ്ധേയമായത് വിശാലമായ പാർക്കിംഗ് സൗകര്യമാണ്. അഞ്ഞൂറോളം കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലം സാധാരണ നിലയിൽ തന്നെ ലഭ്യമാണ്. പ്രത്യേക പരിപാടികൾ നടക്കുന്പോൾ 2000ൽ പരം കാറുകൾ പാർക്ക് ചെയ്യുന്നതിനായി ക്രമീകരണങ്ങൾ നടത്താം. കൂടാതെ ടീമുകൾ എത്തിച്ചേരുന്ന ബസുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലവും ഇവിടെ ലഭ്യമാണ്. മത്സരം നടക്കുന്നതിനു നേരേ എതിർ ദിശയിലായിരിക്കും ലൈവ് പ്രോഗ്രാം നടക്കുന്ന സ്റ്റേജ് സജ്ജീകരിക്കുന്നത്. ഓപ്പണ്‍ എയർ സ്റ്റേജുകളിൽ ഏറ്റവും സൗകര്യത്തോടെ പ്രവർത്തിക്കുന്നത് ഉറപ്പാക്കുന്നതിനായി പത്ത് മീറ്റർ നീളവും ആറ് മീറ്റർ വീതിയുമുള്ള വലിയ സ്റ്റേജ് ആയിരിക്കും ലൈവ് പ്രോഗ്രാമിന് അറേഞ്ച് ചെയ്തിട്ടുള്ളത്. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിനുശേഷം മത്സരങ്ങളുടെ ഇടവേളകളിൽ സ്റ്റേജുകളിൽ തനത് കേരളീയ കലാ രൂപങ്ങളും നൃത്ത സംഗീത ഇനങ്ങളും അരങ്ങേറുന്നതായിരിക്കും.

ഡ്രേക്കോട്ട് സെയിലിംഗ് ക്ലബുമായി സഹകരിച്ചാണ് മിതമായ നിരക്കിൽ ബോട്ടിംഗിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷമായിരിക്കും ബോട്ടിംഗ് ആരംഭിക്കുന്നത്.

കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം പാർക്കിലുണ്ട്. മത്സരം ലൈവ് ആയി കാണാൻ ഇവർക്കുവേണ്ടി പടുകൂറ്റൻ ഓപ്പണ്‍ എയർ എച്ച്ഡി ക്വാളിറ്റി ബിഗ്സ്ക്രീൻ കുട്ടികളുടെ കളി സ്ഥലത്തിന് സമീപം അറേഞ്ച് ചെയ്തിട്ടുണ്ട്. കുട്ടികൾക്കായി ഫേസ് പെയിന്‍റിംഗ് പോലുള്ള വിനോദങ്ങളും ഉണ്ടായിരിക്കും.

വള്ളംകളി മത്സരത്തിൽ വിവിധ ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഒരു ഫാമിലി ഫണ്‍ ഡേ എന്ന നിലയിൽ മലയാളി കുടുംബങ്ങൾക്ക് പങ്കെടുക്കുന്നതിനുള്ള അവസരം കൂടിയാണ് യുക്മയുടെ നേതൃത്വത്തിൽ കേരളാ ടൂറിസം, ഇന്ത്യാ ടൂറിസം, ഇന്ത്യൻ ഹൈക്കമ്മീഷൻ ലണ്ടൻ എന്നിവരുടെ പിന്തുണയോടെ അണിയിച്ചൊരുക്കിയിട്ടുള്ളത്. യൂറോപ്പിൽ ആദ്യമായി നടത്തപ്പെടുന്ന വള്ളംകളി മത്സരത്തിൽ പങ്കാളികളാവുന്നതിനുള്ള അവസരം എല്ലാ യുകെ മലയാളികളും വിനയോഗിക്കണമെന്ന് സ്വാഗതസംഘത്തിനുവേണ്ടി ജനറൽ കണ്‍വീനർ അഡ്വ. എബി സെബാസ്റ്റ്യൻ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: മാമ്മൻ ഫിലിപ്പ് (ചെയർമാൻ) 07885467034, റോജിമോൻ വർഗീസ് (ചീഫ് ഓർഗനൈസർ) 07883068181.