കുട്ടനാടൻ കരുത്തന്മാർ ഏറ്റുമുട്ടുന്ന അഞ്ച്, ആറ് ഹീറ്റ്സുകൾ; മൂന്ന് ടീമുകൾ മാത്രമാകുന്പോൾ ജീവമരണ പോരാട്ടം
Monday, July 24, 2017 7:17 AM IST
വാർവിക് ഷെയർ: ജൂലൈ 29 ശനിയാഴ്ച യുകെയിലെ മലയാളികൾക്കിടയിൽ ആവേശം നിറച്ചു വാർവിക് ഷെയറിലെ റഗ്ബിയിൽ നടക്കാനിരിക്കുന്ന ജലരാജാക്കാന്മാരുടെ പോരാട്ടം ആഗോളതലത്തിൽ പ്രവാസി മലയാളികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. 22 ടീമുകൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരിക്കാനെത്തുന്നതും പങ്കെടുപ്പിക്കുന്നതും കേരളാ ടൂറിസത്തിന്‍റെയും ഇന്ത്യാ ടൂറിസത്തിന്‍റെയും സഹകരണം ഉറപ്പാക്കി ഇത്രയേറെ മികവുറ്റ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്നതുമെല്ലാം ഈ സംരംഭത്തിന് നേതൃത്വം നൽകുന്ന യുക്മയുടെ കിരീടത്തിൽ ഒരു പൊൻതൂവലായി എന്നും ശോഭിക്കുമെന്ന് ഉറപ്പാണ്. മത്സരത്തിൽ പങ്കെടുക്കാനെത്തുന്ന ബോട്ട് ക്ലബുകളെല്ലാം തന്നെ പ്രാദേശിക തടാകങ്ങളിലും മറ്റുമായി ട്രെയിനിംഗ് പൂർത്തിയാക്കി വിജയം ഉറപ്പാക്കുവാനുള്ള ശ്രമവുമായി മുന്നേറുന്പോൾ ഹീറ്റ്സ് മത്സരങ്ങൾക്കും വീറും വാശിയും നിറഞ്ഞ കനത്ത പോരാട്ടമാകും നടക്കുവാൻ പോകുന്നത്.

ജൂലൈ 29 ശനിയാഴ്ച്ച വാർവിക് ഷെയറിലുള്ള റഗ്ബി ഡ്രേക്കോട്ട് വാട്ടർ തടാകത്തിലാണ് വള്ളംകളി അരങ്ങേറുന്നത്. നറുക്കെടുപ്പിലൂടെയാണ് ഹീറ്റ്സ് മത്സരങ്ങളിൽ പോരാടുന്ന ടീമുകളെ തെരഞ്ഞെടുത്തത്. ആകെ മത്സരിക്കുന്നതിനുള്ള 22 ടീമുകൾ ആറ് ഹീറ്റ്സുകളിലായിട്ടാണ് ആദ്യ റൗണ്ടിൽ മാറ്റുരയ്ക്കുന്നത്. ആദ്യറൗണ്ട് ഹീറ്റ്സ് മത്സരങ്ങൾ നോക്കൗട്ട് രീതിയിലാണെന്നുള്ളത് പോരാട്ടത്തിന്‍റെ വീറും വാശിയും വർദ്ധിപ്പിക്കും. ആറ് ഹീറ്റ്സ് മത്സരങ്ങളിലും അവസാന സ്ഥാനങ്ങളിൽ എത്തുന്നവർ ഈ വള്ളംകളി മത്സരത്തിൽ നിന്നും പുറത്താവും. മറ്റ് 16 ടീമുകൾ സെമി ഫൈനലിലേയ്ക്ക് പ്രവേശിക്കുകയും ചെയ്യും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കുന്നത് നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയിലാവും.

ആദ്യ നാല് ഹീറ്റ്സുകളിൽ നാല് ടീമുകൾ വീതമായിരുന്നു ഏറ്റുമുട്ടിയിരുന്നതെങ്കിൽ അഞ്ച്, ആറ് ഹീറ്റ്സുകളിൽ മൂന്ന് ടീമുകൾ മാത്രമാണ് മത്സരിക്കുന്നത്. ഇതിൽ നിന്നും രണ്ട് ടീമുകൾ വീതം സെമി ഫൈനൽ റൗണ്ടിലേയ്ക്ക് പ്രവേശിക്കും. അഞ്ച് , ആറ് ഹീറ്റ്സുകളിൽ മത്സരിക്കുന്ന എല്ലാ ടീമുകളും തന്നെ മികവുറ്റവയാണ്.

അഞ്ചാം ഹീറ്റ്സിൽ കരുവാറ്റ, കൈനകരി, തായങ്കരി എന്നീ പേരിലുള്ള വള്ളങ്ങളാണ് ഏറ്റുമുട്ടുന്നത്. എല്ലാ ടീമുകളും കരുത്ത·ാരെയാണ് അണിനിരത്തുന്നത് എന്നുള്ളത്കൊണ്ട് തന്നെ മത്സരഫലം പ്രവചനാതീതമാണ്.

ബോട്ടിംഗ്, കുട്ടികൾക്ക് പ്ലേ ഏരിയ, ലൈവ് സ്റ്റേജ് പ്രോഗ്രാം, 2000 കാർ പാർക്കിങ്, ഭക്ഷണ കൗണ്ടറുകൾ, സൈക്ലിങ് നടത്തുന്നതിനുള്ള സൗകര്യങ്ങൾ എന്നിങ്ങനെ 650 ഏക്കർ പാർക്കിൽ വള്ളംകളി മത്സരത്തിനൊപ്പം ഒരു ഫാമിലി ഫണ്‍ ഡേ എന്ന നിലയിൽ മലയാളി കുടുംബങ്ങൾക്ക് ആസ്വദിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഉണ്ടായിരിക്കുമെന്ന് സ്വാഗതസംഘത്തിന് വേണ്ടി ജനറൽ കണ്‍വീനർ അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.

പരിപാടിയുടെ വിശദ വിവരങ്ങൾക്ക്; മാമ്മൻ ഫിലിപ്പ് (ചെയർമാൻ): 07885467034, സ്പോണ്‍സർഷിപ്പ് വിവരങ്ങൾക്ക്; റോജിമോൻ വർഗ്ഗീസ് (ചീഫ് ഓർഗനൈസർ): 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

അനീഷ് ജോണ്‍