ഫിലിപ്പ് ലാം ജർമൻ ഫുട്ബോൾ ഓഫ് ദ ഇയർ
Tuesday, July 25, 2017 7:58 AM IST
ബർലിൻ: മുൻ ക്യാപ്റ്റൻ ഫിലിപ്പ് ലാമിനെ ജർമനിയിലെ പോയ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി തെരഞ്ഞെടുത്തു. തീരുമാനത്തിൽ പരക്കെ വിമർശനം നേരിടുന്നുണ്ടെങ്കിലും കരിയറിന്‍റെ അവസാനമാണ് ലാം ആദ്യമായി ഈ പുരസ്കാരം നേടുന്നത്. ജർമൻ ഫുട്ബോളിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാൾ തന്നെയാണ് ലാം എങ്കിലും, കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ടോണി ക്രൂസിനെപ്പോലുള്ള താരങ്ങളെ മറികടന്നാണ് ലാമിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ലാമിന് ഈ പുരസ്കാരം നൽകാനുള്ള അവസാന അവസരമാണിതെന്നും, രാജ്യം കണ്ട ഏറ്റവും മികച്ച ഫുട്ബോളർമാരിലൊരാളായ ലാം ഇതർഹിക്കുന്നു എന്നുമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വാദം.

ജർമൻ പ്രതിരോധ നിരയിലെ വിശ്വസ്തനായിരുന്ന ബയേണ്‍ മ്യൂണിക്കിന്‍റെ അനിഷേധ്യ നായകനായ മുപ്പത്തിമൂന്നുകാരനായ ലാം നേരത്തെ തന്നെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും പീന്നീട് ബയേണിൽ നിന്നും വിരമിച്ചിരുന്നു.

സീസണ്‍ കഴിഞ്ഞതോടെ ലാം ക്ലബ്ബിന്‍റെ സ്പോർട്സ് ഡയറക്റ്ററായി ചുമതലയേൽക്കുമെന്ന് നേരത്തെ സൂചനകൾ വന്നിരുന്നുവെങ്കിലും അങ്ങനെയൊരു പദവിയിലും ക്ലബ്ബിൽ തുടരാനും ഉദ്ദേശിക്കുന്നില്ലെന്നും ലാം അറിയിച്ചിരുന്നു. 2018 വരെ കളിക്കാരനെന്ന നിലയിൽ ലാമിന് ബയേണുമായി കരാർ ഉള്ളതാണ്. എന്നാൽ വിദേശ ക്ലബ്ബുകളിൽ നിന്നു ലഭിച്ച ഉയർന്ന പ്രതിഫലം തേടിയാണ് ലാം പോകുന്നതെന്നും പുതിയ സൂചനയുണ്ട്.

പോയവർഷം 8.32 മില്യൻ യൂറോയാണ് വരുമാനമായി സ്വന്തമാക്കിയത്. 2010 മുതൽ 2014 വരെ ജർമൻ ദേശീയ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു. 2014 ലെ ബ്രസീൽ ലോകകപ്പ് ഫുട്ബോൾ കിരീടം ജർമനി നേടുന്പോൾ ലാമായിരുന്നു ക്യാപ്റ്റൻ. 2005 മുതൽ തുടർച്ചയായി ബയേണ്‍ മ്യൂണിക്കിന്‍റെ താരമെന്ന ബഹുമതിയും ലാമിനു സ്വന്തം.

വിവിധ മൽസരങ്ങളിലായി ബുണ്ടസ് ലീഗയിൽ 387 തവണയും, ചാന്പ്യൻസ് ലീഗിലും യൂറോപ്പ് ലീഗിലുമായി 122 തവണയും ഡിഎഫ് ബി പൊക്കാലിൽ 56 തവണയും സൂപ്പർ കപ്പിൽ 13 തവണയും ജർമൻ ദേശീയ ടീമിൽ 118 തവണയും ലാം ബൂട്ട് കെട്ടിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ