നമ്മ മെട്രോ: രണ്ടാം ഘട്ടത്തിന് വിദേശബാങ്കിന്‍റെ 3,650 കോടി
Saturday, July 29, 2017 4:40 AM IST
ബംഗളൂരു: നമ്മ മെട്രോയുടെ രണ്ടാം ഘട്ട ജോലികൾക്കായി 3650 കോടിയുടെ വിദേശസഹായം. രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട ഗോട്ടിഗരെ മുതൽ നാഗവാര വരെയുള്ള പാതയുടെ ജോലികൾക്കാണ് യൂറോപ്യൻ ഇൻവെസ്റ്റ്മെൻറ് ബാങ്ക് വായ്പ അനുവദിച്ചത്. നേരത്തെ, മെട്രോ ഒന്നാം ഘട്ടത്തിനായി യൂറോപ്യൻ ഇൻവെസ്റ്റ്മെൻറ് ബാങ്ക് 810 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനു പുറമേയാണ് രണ്ടാംഘട്ടത്തിന് സഹായം നല്കിയത്. 20 വർഷം കൊണ്ട് തുക തിരിച്ചടച്ചാൽ മതിയാകും.

നമ്മ മെട്രോയുടെ ഏറ്റവും ചെലവ് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ടത്തിനായുള്ള സ്ഥലമേറ്റെടുക്കൽ ജോലികൾ ആരംഭിച്ചിട്ടുണ്ട്. നാലുവർഷം കൊണ്ടു പൂർത്തിയാകുന്ന രണ്ടാം ഘട്ടത്തിനായി 26,404 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 5281 കോടി രൂപ സംസ്ഥാന സർക്കാരും 8983 കോടി രൂപ കേന്ദ്രസർക്കാരും വഹിക്കും. ബാക്കി 12,140 കോടി രൂപ മെട്രോ കോർപറേഷൻ കണ്ടെത്തണം. ഈ തുകയ്ക്കായി വിവിധ ബാങ്കുകളുമായി ചർച്ച നടന്നുവരികയാണ്.