ഹിന്ദിക്കെതിരേ പ്രതിഷേധം കനക്കുന്നു; നമ്മ മെട്രോയിൽ നിന്ന് കന്നഡിഗരല്ലാത്തവരെ മാറ്റാൻ ആവശ്യം
Monday, July 31, 2017 3:41 AM IST
ബംഗളൂരു: സംസ്ഥാനത്ത് ഹിന്ദി വിരുദ്ധ വികാരം ശക്തമാകുന്നു. നമ്മ മെട്രോ സ്റ്റേഷനുകളിലെ ഹിന്ദി ബോർഡുകൾ നീക്കം ചെയ്യാൻ ആവശ്യമുയർന്നതിനു പിന്നാലെ മെട്രോ ജീവനക്കാരുടെ നേരെയും കന്നഡസംഘടനകളുടെ പ്രതിഷേധം ഉയരുന്നു. മെട്രോയിലെ കന്നഡിഗരല്ലാത്ത ഏഴ് എൻജിനിയർമാരെ മാറ്റണമെന്ന് കന്നഡ വികസന അതോറിറ്റി (കെഡിഎ) ആവശ്യപ്പെട്ടു. കന്നഡിഗരുടെ അവസരം നിഷേധിച്ചാണ് ഏഴുപേരെ ചീഫ് എൻജിനിയർമാരായി നിയമിച്ചതെന്ന് കെഡിഎ ചെയർമാൻ എസ്.ജി. സിദ്ധരാമയ്യ ആരോപിച്ചു. നമ്മ മെട്രോയിൽ ദ്വിഭാഷാ മാനദണ്ഡം പ്രാബല്യത്തിൽ കൊണ്ട ുവരണമെന്ന് ആവശ്യപ്പെട്ട് ബിഎംസിആർഎലിന് കെഡിഎ കത്തയച്ചിരുന്നു. മെട്രോയിൽ കന്നഡിഗർക്ക് മുൻഗണന നല്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ചീഫ് സെക്രട്ടറി സുഭാഷ് ചന്ദ്ര, അർബൻ ഡവലപ്മെന്‍റ് അഡീഷണൽ ചീഫ് സെക്രട്ടറി മഹേന്ദ്ര ജെയിൻ തുടങ്ങിയവരോട് ആവശ്യപ്പെട്ടതായും സിദ്ധരാമയ്യ അറിയിച്ചു.

ബംഗളൂരുവിൽ കന്നഡയ്ക്ക് ശേഷം കൂടുതലായി ഉപയോഗിക്കുന്ന ഭാഷ തെലുങ്ക് ആണെന്നും സിദ്ധരാമയ്യ പറഞ്ഞു. തമിഴ്, മലയാളം, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്ന വലിയൊരു ശതമാനം പേരുമുണ്ട ്. ഹിന്ദി സംസാരിക്കുന്നവർ എണ്ണത്തിൽ വളരെ തുച്ഛമാണെന്നും ഈ സാഹചര്യത്തിൽ ഹിന്ദിക്ക് എങ്ങനെ മുൻഗണന നല്കാനാകുമെന്നും സിദ്ധരാമയ്യ ചോദിച്ചു. കറൻസി നോട്ടിൽ ചെയ്തിരിക്കുന്നതു പോലെ എല്ലാ ഭാഷകളും പ്രദർശിപ്പിക്കണമോ എന്നും അദ്ദേഹം ചോദിക്കുന്നു. ഹിന്ദി ഭാഷയ്ക്കെതിരേ കെഡിഎയ്ക്ക് ദിവസം 25 മുതൽ 30 ഇ-മെയിലുകൾ വരെ ലഭിക്കുന്നുണ്ടെ ന്നും സിദ്ധരാമയ്യ പറഞ്ഞു.

വേണ്ടത്ര യോഗ്യതകൾ ഇല്ലാത്ത കന്നഡിഗരെ ലഭിക്കാത്ത അവസരത്തിലാണ് തങ്ങൾ കന്നഡിഗരല്ലാത്ത എൻജിനിയർമാരെ നിയമിച്ചതെന്നാണ് ബിഎംസിആർഎൽ കെഡിഎയെ അറിയിച്ചത്. എന്നാൽ, സുരക്ഷാ ജീവനക്കാരിൽ നല്ലൊരു ശതമാനം പേരും കന്നഡിഗരല്ലാത്തവരാണെന്നും പ്രാദേശികഭാഷ അറിയാത്ത അവർ എങ്ങനെയാണ് യാത്രക്കാരുമായി ആശയവിനിമയം നടത്തുന്നതെന്നും സിദ്ധരാമയ്യ ചോദിക്കുന്നു. മെട്രോയുടെ രണ്ട ാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്, കന്നഡിഗർക്ക് മുൻഗണന നല്കാനുള്ള വലിയൊരു അവസരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഇത് ആദ്യമായല്ല ഹിന്ദി പ്രശ്നത്തിൽ കെഡിഎ ബിഎംസിആർഎലിനെതിരേ നീങ്ങുന്നത്. 2014ൽ അന്നത്തെ ചെയർമാനായിരുന്ന മുഖ്യമന്ത്രി ചന്ദ്രു സംസ്ഥാനത്തിന്‍റെ ഭാഷാ മാനദണ്ഡം പാലിക്കാൻ ബിഎംസിആർഎലിന് നിർദേശം നല്കിയിരുന്നു. ഇത് പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് കെഡിഎയുടെ ആവശ്യം.

കെഡിഎയുടെ പ്രധാന നിർദേശങ്ങൾ:

സൂചനാ ബോർഡുകളിൽ നിന്ന് ഹിന്ദി നീക്കം ചെയ്യുക
മെട്രോയിൽ കന്നഡിഗരായ ജീവനക്കാർക്ക് മുൻഗണന നല്കുക
ബിഎംസിആർഎലിൽ കന്നഡ അസോസിയേഷൻ രൂപീകരിക്കുക
ബിഎംസിആർഎൽ വെബ്സൈറ്റിൽ കന്നഡ പ്രഥമഭാഷയാക്കുക
ബിഎംസിആർഎലിലെ കന്നഡിഗരല്ലാത്ത ജീവനക്കാർക്ക് ഭാഷാപഠനം നല്കുക