കാരുണ്യ സ്പർശവുമായി ലണ്ടൻ മലയാള സാഹിത്യവേദി വയനാടൻ ഊരുകളില്‍
ലണ്ടൻ: വയനാടൻ ആദിവാസി ഉൗരുകളിൽ കാരുണ്യ പ്രവർത്തനുമായി ലണ്ടൻ മലയാള സാഹിത്യവേദി പ്രവർത്തകരെത്തി. സുൽത്താൻബത്തേരി ആയുർവേദ ആശുപത്രി, റിപ്പോണ്‍ ഏകാധ്യാപക വിദ്യാലയം, നൂൽപ്പുഴ കുണ്ടൂർ പണിയ കോളനിയിലുമായിരുന്നു സാഹിത്യവേദിയുടെ കാരുണ്യ പ്രവർത്തനം നടന്നത്. സാഹിത്യവേദി ഭാരവാഹികളായ ടോണി ചെറിയാൻ, ഷാജൻ ജോസഫ്, ജോബി ജോസഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സുൽത്താൻബത്തേരി ആയുർവേദ ആശുപത്രിയിൽ രണ്ടു മാസത്തേക്കുള്ള സൗജന്യ ഉച്ച ഭക്ഷണ വിതരണോദ്ഘാടനം ടോണി ചെറിയാൻ നിർവഹിച്ചു. റിപ്പോണ്‍ ആദിവാസി ഏകാധ്യാപക വിദ്യാലയത്തിൽ കുട്ടികൾക്ക് സൗജന്യ വസ്ത്രങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

നൂൽപ്പുഴ കുണ്ടൂർ പണിയ കോളനിയിൽ ആദിവാസികൾക്ക് സൗജന്യ ഓണക്കോടികൾ വിതരണം ചെയ്തു. കേരള വനം വകുപ്പ് ( വൈൽഡ് ലൈഫ് ) മുത്തങ്ങ റേഞ്ചിന്‍റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽടോണി ചെറിയാൻ, ഷാജൻ ജോസഫ് , ജോബി ജോസഫ്, ഡെപ്യൂട്ടി റേഞ്ചർ ജോസ് കെ. ജെ എന്നിവർ പങ്കെടുത്തു.ലണ്ടൻ മലയാള സാഹിത്യവേദി പുറത്തുതായി രൂപീകരിച്ച ചാരിറ്റി വിഭാഗത്തിന് ടോണി ചെറിയാൻ നേതൃത്വം നൽകുന്നു. പരിമിത സമയത്തിനുള്ളിൽ ഇത്രയും മഹത്തായ കർമങ്ങൾ ചെയ്യാൻ സാധിച്ചതിൽ ടോണി ചെറിയാനെയും സംഘത്തെയും ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കണ്‍വീനർ റജി നന്തികാട്ട് അഭിനന്ദനം അറിയിച്ചു.

റിപ്പോർട്ട്: റജി നന്ദികാട്ട്