ജർമനിയിൽ ട്രംപിന്‍റെ മുഖവും പേരുമുള്ള മയക്കുമരുന്ന് പിടിച്ചെടുത്തു
ബർലിൻ: ജർമനിയിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുഖവും പേരുമുള്ള മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തു. പാർട്ടികളിലും മറ്റും ഉപയോഗിക്കാറുള്ള എക്സ്റ്റസി ഡ്രഗ്ഗിന്‍റെ വൻ ശേഖരമാണ് പിടിച്ചെടുത്തിരിക്കുന്നത്.

ഇതിന് വിപണിയിൽ 39,000 യൂറോ വില കണക്കാക്കുന്നു. സാധാരണ നടത്താറുള്ള വാഹന പരിശോധനയ്ക്കിടെയാണ് അവിചാരിതമായി മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. 51 വയസുള്ള ഓസ്ട്രിയക്കാരൻ ഓടിച്ചിരുന്ന വാനിലാണ് സൂക്ഷിച്ചിരുന്നത്. നെതർലൻഡ്സിൽനിന്നാണു താൻ ജർമനിയിലെത്തിയതെന്ന് ഇയാൾ അറിയിച്ചു.

ഇയാളുടെ പതിനേഴുകാരനായ മകനും കൂടെയുണ്ടായിരുന്നു. ഇരുവരും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. നെതർലൻഡ്സിൽനിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണു കരുതുന്നത്. കഴിഞ്ഞ ജൂലൈയിലും ട്രംപിന്‍റെ മുഖമുള്ള എക്സ്റ്റസി ഗുളികകൾ ബ്രിട്ടനിൽനിന്നു പിടിച്ചെടുത്തിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ