വിയന്ന മെട്രോ U1ഓബർലായിലേക്ക് ഓടിത്തുടങ്ങാൻ ഇനി ഒരാഴ്ച മാത്രം
Wednesday, August 23, 2017 8:06 AM IST
വിയന്ന: സെപ്റ്റംബർ രണ്ടു മുതൽ മെട്രോ യുവൺ റോയിമൻ പ്ലാറ്റ്സിനും ഓബർലയ്ക്കുമിടയിൽ ഓടിത്തുടങ്ങും. ഇതിനു മുന്നോടിയായി ഓഗസ്റ്റ് 19 നു പരീക്ഷണ ഓട്ടം ഡ1 നടത്തി.

വെള്ളിയാഴ്ച മാധ്യമ പ്രവർത്തകരെയും വഹിച്ചുകൊണ്ടുള്ള ട്രെയിൻ സ്ട്രോസെ സ്ട്രാസെ, ആൾട്ടസ് ലാൻഡ് ഗുഡ്, അലൌഡാ ഗാസെ, നൊയെലാ എന്നീ സ്റ്റേഷനുകളിലൂടെ കടന്ന് ഓബർലായിൽ എത്തിച്ചേർന്നു പുതുതായി 4.6 കിലോമീറ്റർ ദൂരത്തെക്കാണ് U1 ഓടി എത്തുന്നത്.

ഓബർലായിലേക്ക് യുവൺ ഓടിത്തുടങ്ങുന്നതോടെ വിയന്നയിലെ ഏറ്റവും നീളം കൂടിയ മെട്രോ ലൈനായി ഡ1 മാറും. 1978ൽ ഓടിത്തുടങ്ങിയ U1 നിലവിൽ 19 സ്റ്റേഷനുകൾ താണ്ടി ലിയോ പോൾസൗവിൽ നിന്നും റോയ്മൻ പ്ലാറ്റ്സയിലെക്കാണ് സർവീസ് നടത്തുന്നത്.

പുതുതായി 5 സ്റ്റേഷനുകളാണ് രണ്ടു മുതൽ യുവൺ താണ്ടുന്നത്. അങ്ങനെ മൊത്തം 24 സ്റ്റേഷനുകൾ ഓടിയെത്താൻ 31 മിനിറ്റാണെടുക്കുക. വിയന്നയിലെ ഏറ്റവും നീളം കൂടിയ എസ്കലേറ്ററും ഈ ലൈനിലാണ്. ആൾട്ടസ് ലാൻഡ് ഗുഡിൽ 50 മീറ്റർ നീളത്തിലാണ് എസ്കലേറ്റർ പണികഴിപ്പിച്ചിരിക്കുന്നത്. പുതുക്കിയ റൂട്ടിൽ ഏകദേശം 50000 താമസക്കാരാനാണ് നിലവിലുള്ളത്.

ഇവർക്ക് വിയന്നയുടെ മറ്റ് ഭാഗങ്ങളിലേക്ക് വേഗം എത്തിച്ചേരാൻ ഈ വികസനം മൂലം സാധിക്കും. തന്നെയുമല്ല ഭരണ സിരാ കേന്ദ്രത്തിലെത്താൻ ഇനി 15 മിനിറ്റേ ഇവർക്ക് ആവശ്യമുള്ളൂ നേരത്തെ ഇത് 30 മിനിറ്റായിരുന്നു. ഏകദേശം 600 മില്യൻ യൂറോയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.

ശനിയാഴ്ച രാവിലെ 10.30ന് ആദ്യ മെട്രോ ഓബർ ലായിലേക്ക് പുറപ്പെടും. ഉദ്ഘാടനത്തോടനുബന്ധിച്ച് വന്പിച്ച ആഘോഷങ്ങളാണ് ഓബർ ലായിൽ സംഘടിപ്പിച്ചിരിക്കുന്നത്. സംഗീത പരിപാടികൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ, ഭക്ഷ്യമേള തുടങ്ങി നിരവധി വിനോദ പരിപാടികൾ പൊതുജനങ്ങൾക്കായി ഭരണകൂടവും മെട്രോയും സംയുക്തമായി സംഘടിപ്പിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ