ബ്രിട്ടനിലെ എൻഎച്ച്എസ് റിക്രൂട്ട്മെന്‍റിൽ പാതിയും വിദേശത്തു നിന്ന്
Saturday, December 2, 2017 4:04 PM IST
ലണ്ടൻ: എൻഎച്ച്എസിൽ റിക്രൂട്ട് ചെയ്യാൻ പോകുന്ന ആകെ നഴ്സുമാരിൽ പകുതിയും വിദേശ രാജ്യങ്ങളിൽനിന്നായിരിക്കുമെന്ന് സൂചന. അടുത്ത വർഷം ബ്രിട്ടനിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കി പുറത്തിറങ്ങാൻ പോകുന്ന സ്വദേശികൾ 15,400 പേരാണ്. ഇതിൽ കൂടുതൽ വിദേശികളും ബ്രിട്ടനിൽ നഴ്സിംഗ് ജോലി ചെയ്യാൻ രജിസ്റ്റർ ചെയ്യുമെന്ന് ഉറപ്പായിക്കഴിഞ്ഞെന്നാണ് വെളിപ്പെടുത്തൽ. ഇവർ കൂടിയെത്തുന്നതോടെ ബ്രിട്ടനിൽ ജോലി ചെയ്യുന്ന വിദേശ നഴ്സുമാരുടെ എണ്ണം അന്പതിനായിരം കടക്കുമെന്നാണ് കരുതുന്നത്. ഇത് സർവകാല റിക്കാർഡ് ആയിരിക്കും.

സർക്കാർ നിർദേശിച്ചതനുസരിച്ച് കൂടുതൽ വിദേശ നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ നേരത്തെ തീരുമാനമായിരുന്നു. വിദേശത്തുനിന്നുള്ള നഴ്സുമാരുടെ അപേക്ഷകളിൽ 71 ശതമാനം വർധനയും രേഖപ്പെടുത്തിക്കഴിഞ്ഞു.

ഇന്ത്യയിൽനിന്നും ആറായിരം പേർക്ക് തൊഴിൽ അവസരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഇന്ത്യൻ സർക്കാരുമായി ബ്രിട്ടൻ കരാറൊപ്പിടാനും തീരുമാനമായി. ആകെ ഇരുപതിനായിരം നഴ്സുമാരുടെ കുറവാണ് ഇപ്പോൾ എൻഎച്ച്എസുകളിലുള്ളത്. കഴിഞ്ഞ വർഷം സ്പെയ്നിൽ നിന്ന് അയ്യായിരം പേരെ റിക്രൂട്ട് ചെയ്തിരുന്നു. ചൈനയുമായും ചർച്ച നടന്നുവരുന്നു.

പുതിയ റിക്രൂട്ട്മെന്‍റ് പ്രഖ്യാപിച്ച എൻഎച്ച്എസ് കടുത്ത നിലപാടിലേയ്ക്ക് ഇപ്പോൾ നീങ്ങിയിരിക്കുകയാണ്. ഓരോ എൻഎച്ച്എസ് ട്രസ്റ്റും നഴ്സുമാർക്ക് നൽകുന്ന സേവന വേതന വ്യവസ്ഥകൾ വിവരിച്ച് മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികളിൽ നിന്നും കോഴ വാങ്ങാതെ തികച്ചും സൗജന്യമായിട്ടുള്ള റിക്രൂട്ട്മെന്‍റിന് കേരളത്തിലെയും ബ്രിട്ടനിലെയും ഏജൻസികൾ റിക്രൂട്ട്മെന്‍റിനുവേണ്ടി രജിസ്ട്രേഷൻ ഫീസ് തുടങ്ങി മറ്റു ചെലവുകൾ കാണിച്ച് ഫീസ് ഇടാക്കുന്നുവെന്ന് എൻഎച്ച്എസിന്‍റെ ശ്രദ്ധയിൽപെട്ടതിനെതുടർന്നു നടപടി തുടങ്ങിയിട്ടുണ്ട്.

ഇത്തരം ആരോപണങ്ങൾ തെളിഞ്ഞാൽ ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ