ലോകത്ത് ഒരു മലയാളി സംഘടനയും ഒരു കൊല്ലം കൊണ്ട് ഇത്രയധികം വളർന്നിട്ടില്ല: ജോർജ് കള്ളിവയലിൽ
Saturday, December 16, 2017 4:36 AM IST
വിയന്ന: ആഗോള മലയാളി സംഘടനകളുടെ ചരിത്രത്തിൽ ചുരുങ്ങിയ സമയം കൊണ്ട് അഭൂതപൂർവമായ വളർച്ച കൈവരിക്കാൻ വേൾഡ് മലയാളി ഫെഡറേഷനു സാധിച്ചുവെന്നു മുതിർന്ന പത്രപ്രവർത്തകനും, ദീപികയുടെ അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ. ഇതു ആദ്യമാണ് ഒരു പ്രവാസി മലയാളി സംഘടന ഒരു വർഷം കൊണ്ട് ഇത്രയധികം വളർന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്മസിനോട് അനുബന്ധിച്ച് വേൾഡ് മലയാളി ഫെഡറേഷന്‍റെ ഓസ്ട്രിയ യുണിറ്റ് സംഘടിപ്പിച്ച സൗഹൃദസദസിൽ മുഖ്യ അതിഥിയായി എത്തിയ സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഓസ്ട്രിയ യുണിറ്റ് പ്രസിഡന്‍റ് തോമസ് പടിഞ്ഞാറേകാലായിൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ സംഘടനയുടെ ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ അദ്ദേഹത്തെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. ഇതിനോടകം 80 രാജ്യങ്ങളിൽ സാന്നിധ്യം അറിയിച്ച സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം ഡബ്ല്യുഎംഎഫിന്‍റെ അംഗത്വം സ്വീകരിക്കുകയും, പ്രവാസിമലയാളികളെ സാധിക്കുന്ന രീതിയിൽ സഹായിക്കാൻ ശ്രമിക്കുമെന്നും പ്രഖ്യാപിച്ചു.



വിവിധ പുരസ്കാരങ്ങളും, അന്താരാഷ്ട്ര അംഗീകാരങ്ങളും ലഭിച്ചട്ടുള്ള ജോർജ് കള്ളിവയലിനെ മാധ്യമരംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ചടങ്ങിൽ ആദരിച്ചു. സംഘടനയുടെ ഗ്ലോബൽ കോഓർഡിനേറ്റർ വർഗീസ് പഞ്ഞിക്കാരൻ, യൂറോപ്പ് കോർഡിനേറ്റർ സാബു ചക്കാലയ്ക്കൽ എന്നിവർ ചേർന്ന് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചു.

വിൻസെന്‍റ് പയ്യപ്പിള്ളി തോമസ് കാരയ്ക്കാട്ട്, ബ്രിട്ടോ എന്നിവരുടെ ഗാനങ്ങൾ പരിപാടിയ്ക്ക് കൂടുതൽ ഹരം പകർന്നു. സംഘടനയുടെ ഗ്ലോബൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും, യൂറോപ്പ് റീജണിൽ നിന്നുമുള്ള ഭാരവാഹികൾ പങ്കെടുത്ത സമ്മേളനത്തിൽ സെക്രട്ടറി റജി മേലഴകത്ത് നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോബി ആന്‍റണി