പുതുവർഷത്തിൽ ജർമനിയിൽ നടപ്പിലായ പുതിയ നിയമങ്ങൾ
Tuesday, January 2, 2018 11:08 PM IST
ബർലിൻ: പുതുവർഷത്തിൽ ജർമനിയിലെ സാന്പത്തിക, സാമൂഹിക മേഖലകളിൽ സർക്കാരിന്‍റെ നിരവധി പരിഷ്കരണങ്ങൾ നടപ്പിലായി. നേരത്തെ പ്രഖ്യാപിച്ച സുപ്രധാന തീരുമാനങ്ങളിലേറെയും നടപ്പായത് പുതുവർഷത്തിലാണ്. അവയിൽ പ്രധാനപ്പെട്ടവ ഇങ്ങനെ:

- പെൻഷൻ കോണ്‍ട്രിബ്യൂഷൻ ഒരു ശതമാനം കുറയും (18,6%).
- പെൻഷനുകൾ മൂന്നു ശതമാനം വരെ കൂടും. 21 മില്യണ്‍ പെൻഷൻകാർക്ക് ഇതിലൂടെ സാന്പത്തിക നേട്ടമുണ്ടാകും.
- ഹാർട്ട്സ് 4 ആനൂകൂല്യത്തിന്‍റെ ഘടനയിൽ മാറ്റം (ചെറിയ ഇളവിൽ വർധനയുണ്ടാവും കുട്ടികൾക്കും യുവജനത്തിനും ഇനി കൂടുതൽ ലഭിക്കും).
- കൂടുതൽ ഉത്പന്നങ്ങൾക്ക് നികുതി ഇളവ്
- ടാക്സ് റിട്ടേണ്‍ സമർപ്പിക്കാൻ ആവശ്യമായ രേഖകളിൽ കുറവ്
- 500 യൂറോ നോട്ട് ഇല്ലാതാകും (തീയതി നിശ്ചയിച്ചിട്ടില്ല).
- പുതിയ കാറുകൾക്ക് നികുതി കൂടും
- സ്ട്രീമിങ് സേവനങ്ങളുടെ ജിയോബ്ലോക്കിംഗ് ഇല്ലാതാകും
- ക്രെഡിറ്റ് കാർഡ് പേയ്മെന്‍റുകൾ സർചാർജില്ലാതെ നടത്താം
- യാത്രാച്ചെലവ് എട്ടു ശതമാനത്തോളം കൂടും
- വിദ്യാർഥിനികൾക്കും അപ്രന്‍റീസുകൾക്കും ഗർഭകാല സംരക്ഷണം
- ശന്പളത്തിലെ സ്ത്രീ പുരുഷ വ്യത്യാസത്തിൽ സുതാര്യത
- ചൈൽഡ് ബെനിഫിറ്റും ചൈൽഡ് അലവൻസും കൂടും
- ഹെൽത്ത് ഇൻഷ്വറൻസ് കന്പനികൾക്കുള്ള കോണ്‍ട്രിബ്യൂഷൻ ഒരു ശതമാനം കുറയും, എന്നാൽ സ്വയം സേവകർക്ക് കൂടുതൽ അടയ്ക്കേണ്ടി വരും.
- പഴയതും പുതിയതുമായ ഫെഡറൽ സ്റ്റേറ്റുകൾ തമ്മിലുള്ള പെൻഷനിൽ തുല്യത
- നേരത്തെ വിരമിക്കുന്നവർക്ക് കൂടുതൽ പണം ലഭിക്കും.
- വ്യവസായ മേഖലയിൽ മിനിമം വേതനം കൂടും (8,50 ൽ നിന്ന് 8,84 ആയി ഉയരും).
- പുതിയ കാറുകൾ ഇകോൾ ഡ്യൂട്ടി
- റെയിൽവേയിൽ (ട്രെയിനുകളിൽ) മദ്യനിരോധനം പ്രാബല്യത്തിലാവും.

ബാങ്ക് ഫീസ് വർധിച്ചു

പുതുവർഷത്തിൽ ബാങ്കുമായി ബന്ധപ്പെട്ട പല ചാർജുകളിലും വർധന വരുന്നു. അക്കൗണ്ട് മാനേജ്മെന്‍റ് ഫീസും പണം പിൻവലിക്കുന്നതിനുള്ള ഫീസും ഇതിൽപ്പെടും. വെൻഡിംഗ് മെഷീനുകളിലും ചെലവേറും.

കൂടുതൽ ബാങ്ക് ശാഖകൾ അടച്ചുപൂട്ടുന്നതിനും പുതിയ വർഷം സാക്ഷിയാകും. 900 ശതമാനം വരെയാണ് റെയ്ഫൈസൻബാങ്ക് ഓബറൂസെൽ അക്കൗണ്ട് മെയ്ന്‍റനൻസ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്. പ്രതിവർഷം 360 യൂറോയായി ഉയർന്നത്.

ഡ്രൈവർമാർക്ക് പുതുമകളുമായി പുതുവർഷം

പുതുവർഷത്തിൽ ജർമനി നടപ്പാക്കിയ മാറ്റങ്ങളിൽ പലതും ഡൈവർമാരെ നേരിട്ട് സ്വാധീനിക്കുന്നതാണ്. അവ ഇങ്ങനെ:

- ശീതകാലത്ത് സ്നോഫ്ളേക്ക് ടയറുകൾ വാഹനങ്ങൾക്ക് നിർബന്ധമാകുന്നു
- ഡ്രൈവിംഗ് ലൈസൻസുകൾക്ക് എക്സ്പയറി
- പുതിയ കാറുകളിൽ എമർജൻസി കോൾ സംവിധാനം
- പുതിയ കാറുകൾക്ക് ഉയർന്ന നികുതി
- മെയ്ൻ ഇൻവെസ്റ്റിഗേഷന് കൂടുതൽ ചെലവ്
- പ്രധാന നഗരങ്ങളിൽ ഡീസൽ കാർ നിയന്ത്രണത്തിനു സാധ്യത
- കാർ ഇൻഷ്വറൻസ് ചെലവ് കൂടുന്നു
- ട്രക്ക് ടോൾ ഗ്രാമീണ റോഡുകളിലേക്കു കൂടി വ്യാപിക്കുന്നു

കൂടാതെ പുതിയ സർക്കാരിന്‍റെ രൂപീകരണവും ഈ വർഷമുണ്ടാവുമെന്നുതന്നെയാണ് കണക്കുകൂട്ടൽ. നിലവിലുള്ള പാർലമെന്‍റിൽനിന്ന് അതു സാധിക്കുന്നില്ലെങ്കിൽ പുതിയ തെരഞ്ഞെടുപ്പ് നടത്താൻ രാജ്യം നിർബന്ധിതമാകും. നാലു മാസം മുന്പു നടന്ന പൊതുതെരഞ്ഞെടുപ്പിനുശേഷം ആരംഭിച്ച മുന്നണി ചർച്ചകൾ ഇനിയും സമവായത്തിൽ എത്തിയിട്ടില്ല.

രാജ്യം ഈ വർഷം പ്രതീക്ഷിക്കുന്നത് കൂടുതൽ ഉയർന്ന വളർച്ചാ നിരക്കാണ്. ചില മേഖലകളിലെങ്കിലും കൂടുതൽ തൊഴിൽ സാധ്യതകളും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഹൗസിംഗ് രംഗത്ത് ഈ വർഷം ചെലവേറുമെന്നാണ് കരുതുന്നത്. അതേസമയം, കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യം വർധിക്കുകയും ചെയ്യും. ലോവർ സാക്സണിയിൽ പുതിയൊരു പൊതു അവധി ദിനം കൂടി ഈ വർഷം വന്നു, റിഫോർമേഷൻ ഡേയാണിത്. ഓണ്‍ലൈൻ സബ്സ്ക്രിപ്ഷൻ സർവീസുകളുടെ ഫ്രീ സ്ട്രീമിംഗ് ഈ വർഷം യൂറോപ്യൻ യൂണിയൻ മുഴുവൻ വ്യാപിക്കുന്നത് മറ്റൊരു പുതുമ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ